മൂത്രാശയ ക്യാൻസർ; പുതിയ ചികിത്സ രീതിയുമായി ഒമാൻ സുൽത്താൻ ഖാബൂസ് കാൻസർ റിസർച് സെന്റർ
മൂത്രാശയ കാൻസറിന് പുതിയ ചികിത്സ രീതിയുമായി സുൽത്താൻ ഖാബൂസ് കാൻസർ റിസർച് സെന്റർ. റേഡിയോന്യൂ ക്ലൈഡസ് ഉപയോഗിച്ചുള്ള ഈ ചികിത്സ സുൽത്താനേറ്റിലെ അർബുദ ചികിത്സ രംഗത്ത് ഏറ്റവും വലിയ കാൽവെപ്പായിരിക്കുമെന്നാണ് കരുതുന്നത്. ഈ രീതിയുപയോഗിച്ച് ഒമാനിൽ ആദ്യത്തെ ചിത്സ കഴിഞ്ഞ ദിവസം വിജയകരമായി നടത്തി. മൂത്രാശയത്തിലെ ക്യാൻസർ സെല്ലുകളെ നേരിട്ട് ലക്ഷ്യംവെച്ചു വളർച്ച തടയുകയാണ് ഈ ചികിത്സാ രീതിയിലൂടെ ചെയ്യുന്നത്. ചില കേസുകളിൽ അർബുദങ്ങളെ തന്നെ തുടച്ചു നീക്കാനും ചികിത്സാ രീതിക്കു കഴിയും.
പരമ്പരാഗത ചികിത്സാ രീതികളായ കീമോയിൽ നിന്നും വ്യത്യസ്തമായി മൂത്രാശയ ചികിത്സാ മേഖലയിൽ കൂടുതൽ രോഗം ബധിച്ചവർക്കു പോലും ആത്മവിശ്വാസം നൽകുന്നതാണ് പുതിയ രീതിയെന്ന് ന്യൂക്ലിയർ മെഡിസിൻ വിഭാഗം മേധാവി ഖുലൂദ് ബിൻത് സാലം അൽ റിയാമി പറഞ്ഞു. രോഗത്തിന്റെ തീവ്രത കുറക്കുക,ക്യാൻസർ പടരുന്നത് തടയുക, ചികിത്സ നടത്തുമ്പോൾ ചുറ്റുമുള്ള ടിഷ്യൂകളെ സംരക്ഷിച്ചുകൊണ്ടു രോഗിയുടെ ജീവിതത്തിൽ ചികിത്സകൾ മുലമുണ്ടാവുന്ന പ്രയാസങ്ങൾ കുറക്കുക എന്നിവയാണ് പുതിയ ചികിത്സാ രീതിയുടെ പ്രാഥമിക ലക്ഷ്യം.
അർബുദ ചികിത്സാരംഗത്തെ ഏറ്റവും മാറ്റങ്ങളുണ്ടാക്കുന്നതാവും ഈ ചികിത്സാ രീതി. അടുത്ത ഭാവിയിൽ മറ്റു ഭാഗങ്ങളിലുള്ള രോഗ ചികിത്സക്കും ഈ രീതി ഉപയോഗപ്പെടുത്തുമെന്ന് അവർ പറഞ്ഞു. നേരത്തെ വിദേശത്ത് മാത്രം ലഭ്യമായിരുന്ന ഈ ചികിത്സ സേവനമിപ്പോൾ ഒമാനിലും ലഭ്യമാവുന്നത് ചികിത്സക്ക് വിദേശത്ത് പോയിരുന്നവർക്കു മാറിച്ചിന്തിക്കാൻ അവസരമാവുമെന്ന് റേഡിയോളജി ആൻഡ് ന്യൂക്ലിയർ മെഡിസിൻ വിഭാഗം അധികൃതർ വ്യക്തമാക്കി.
കാൻസർ റിസർച് സെന്ററിലെ എല്ലാ വിഭാഗക്കാരുടെയും കൂട്ടായ ശ്രമം കാരണമാണ് ഈ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. ന്യൂക്ലിയർ മെഡിസിൻ ഡോക്ടർമാർ, റേഡിയേളജിസ്റ്റ്, മറ്റ് ഡോക്ടർമാർ, ഓങ്കോളാജി ജീവനക്കർ, നേഴ്സിങ് ജീവനക്കാർ എന്നിവരുടെ സേവനവും ഏറെ പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി.