ആ ക്ഷേത്രത്തിലെ ആദ്യവിവാഹമായിരുന്നു അത്; ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല, തന്റെ വിവാഹനാളുകളെക്കുറിച്ച് സീമ
താരങ്ങൾ നിറഞ്ഞുനിന്ന ക്ഷേത്രാങ്കണത്തിൽവച്ച് ഐ.വി. ശശി തന്റെ കഴുത്തിൽ താലി ചാർത്തിയ നിമിഷത്തെക്കുറിച്ച്, നേരത്തെ ഒരു ഇന്റർവ്യൂവിൽ സീമ പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു. സീമയുടെ വാക്കുകൾ,
ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തിൽ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനായിരുന്നു. എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയിൽ ഏൽപിച്ചത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ് ഹോട്ടലിൽ ഒരു റിസപ്ഷൻ വച്ചു. മലയാളത്തിലെയും തമിഴിലെയും തെലുങ്കിലെയും പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടു നാളുകൾക്കുശേഷം ഞാനും ശശിയേട്ടനും വീണ്ടും സിനിമയുടെ തിരക്കുകളിലേക്കാണ് പോയത്. സിനിമയുടെ തിരക്ക്, ജീവിതത്തിന്റെ തിരക്ക് എന്നൊന്നും ഞങ്ങൾക്കില്ലായിരുന്നു. സിനിമ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് ആദ്യം ലഭിച്ച ശക്തമായ വേഷം 'അർച്ചന ടീച്ചറാ'യിരുന്നു.
'അഹിംസ'യിൽ അഭിനയിക്കുമ്പോൾ ഞാൻ ഒമ്പതുമാസം ഗർഭിണിയായിരുന്നു. എന്റെ നിറവയർ മറയ്ക്കാനാണ് ഞാനവതരിപ്പിച്ച കഥാപാത്രത്തെ വീൽചെയറിലാക്കിയത്. ആ സിനിമയിൽ ഏറെയും ക്ലോസപ്പ് ഷോട്ടുകളാണ്. മകൾ ജനിച്ച ശേഷമാണ് വാസുവേട്ടന്റെ (എം.ടി) കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആൾക്കൂട്ടത്തിൽ തനിയെയും അക്ഷരങ്ങളുമെല്ലാം എനിയ്ക്കേറെ പ്രിയപ്പെട്ട വേഷങ്ങളാണ്- സീമ പറഞ്ഞു.