മകൾ വളർന്നോളും, നമ്മൾ കൂടെ നിന്നാൽ മതി: പ്രേമിച്ച് കല്യാണം കഴിക്കില്ലെന്ന് അന്ന് നൽകിയ വാക്ക്; നവ്യ നായർ
മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്നു നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നവ്യ പിന്നീട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി. വിവാഹശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തത്. തിരിച്ച് വരവിന് നവ്യക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് കരിയറിൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ ലഭിച്ചത്.
ഇന്ന് സിനിമയും നൃത്തവുമായി തിരക്കിലാണ് നവ്യ. കഴിഞ്ഞ ദിവസം തന്റെ ക്ലോത്തിംഗ് ബ്രാൻഡിനും നവ്യ തുടക്കമിട്ടു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായർ. പതിനാല് വയസുകാരനായ മകനെക്കുറിച്ച് നവ്യ സംസാരിച്ചു. ലെറ്റ്സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിലാണ് നവ്യ മനസ് തുറന്നത്. മകനെ നിയന്ത്രിച്ച് വളർത്തുന്ന അമ്മയല്ല താനെന്ന് നവ്യ പറയുന്നു.
എന്റെ അനുഗ്രഹം എന്നത് അച്ഛനും അമ്മയും എന്റെ കൂടെയുണ്ട്. അമ്മ ടീച്ചറാണ്. അമ്മയ്ക്ക് ഒരു കുട്ടിയിൽ മാറ്റങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടെന്ന് അറിയാം. അമ്മ വളരെ കൺവെഷനലാണ്. ഞാൻ ലിബറലും. രണ്ട് പേരുടെ കോംബിനേഷനും ഉള്ളത് കൊണ്ട് വലിയ പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. സായ് ഒരു നല്ല കുട്ടിയാണ്. സ്കൂളിൽ പോയി തിരിച്ച് വന്നാൽ എന്തെങ്കിലും കുഴപ്പം കാണിച്ചാലും എന്നോട് പറയും. ഞാനവനെ തല്ലിയിട്ടില്ല. പ്രീ പ്ലാൻ ചെയ്ത് ഇങ്ങനെ വളർത്തണം എന്നൊന്നും തീരുമാനിച്ചിട്ടില്ല.
എനിക്ക് തോന്നുന്നത് ഞാൻ മാനസികമായി ഇതുവരെയും അമ്മയായിട്ടില്ല എന്നാണ്. ഞാനിപ്പോഴും എന്റെ ജീവിതമാണ് ജീവിക്കുന്നത്. വളർത്തലല്ല. അവർ വളർന്നോളും. നമ്മൾ കൂടെ നിന്നാൽ മതിയെന്നാണ് തനിക്ക് തോന്നിയതെന്നും നവ്യ വ്യക്തമാക്കി. സിനിമയിലേക്ക് വന്നപ്പോൾ അച്ഛനും അമ്മയ്ക്കും നൽകിയ വാക്കിനെക്കുറിച്ചും നവ്യ സംസാരിച്ചു.
പ്രേമിച്ച് കല്യാണം കഴിക്കില്ല, മൊബൈൽ ചോദിക്കില്ല, പഠനം നിർത്തില്ല എന്നീ മൂന്ന് കാര്യത്തിൽ അവർക്ക് ഞാൻ കൊടുത്തു. അത് ഞാൻ പാലിച്ച് കൊടുത്തു. അത് കൊണ്ടാണ് തന്നെ അഭിനയിക്കാൻ അനുവദിച്ചതെന്നും നവ്യ നായർ വ്യക്തമാക്കി. വിവാഹ ശേഷം ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോയതായിരുന്നു നവ്യ. ഏറെക്കാലം നവ്യ മുംബെെയിലായിരുന്നു. പിന്നീട് നടി കേരളത്തിലേക്ക് തിരിച്ച് വന്നു. അഞ്ച് വർഷമായി താൻ നാട്ടിൽ അച്ഛനും അമ്മയ്ക്കുമാെപ്പമാണുള്ളതെന്ന് അടുത്തിടെ തന്റെ യൂട്യൂബ് ചാനലിൽ നവ്യ പറഞ്ഞിരുന്നു.
ജാനകി ജാനെയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പാതിരാത്രി, വരാഹം എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന സിനിമകൾ. സിനിമയ്ക്കൊപ്പം നൃത്തത്തിലും നവ്യയിന്ന് ശ്രദ്ധ നൽകുന്നു. നൃത്ത അധ്യാപിക കൂടിയാണ് നവ്യയിന്ന്.