ഭാർ​ഗവീനിലയം പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോ?, സിനിമ തുടങ്ങുന്നത് വെള്ളമടിയോടുകൂടി; ജി.സുധാകരൻ

Update: 2024-12-23 06:48 GMT

പുതിയകാല സിനിമകൾക്കെതിരെ മുൻമന്ത്രി ജി.സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ സിനിമകളെല്ലാം മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യാധിഷ്ഠിതമായ ഒന്നും അവയിലില്ലെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു. മൂല്യമുള്ള സിനിമകളൊന്നും ഇറങ്ങുന്നില്ല. ഒന്നാന്തരം സിനിമകൾ ഇറങ്ങിയ നാടായിരുന്നല്ലോ കേരളം. അസുരവിത്തും ഭാർ​ഗവീനിലയവും കബനി നദി പരന്നൊഴുകുന്നു പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

"എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടിയാണ്. മദ്യപാനം ഒരു സാധാരണ ജീവിതക്രമമാക്കി മാറ്റിയിരിക്കുകയാണ്. നമ്മുടെ ചെറുപ്പക്കാർ മദ്യപിക്കുമ്പോൾ അവരെയെന്തിനാണ് പോലീസ് പിടിക്കുന്നത്? ഈ സിനിമാ നടന്മാരെ പിടിച്ചുകൂടേ? വെള്ളമടിച്ച് തുടങ്ങുന്ന ഈ സിനിമകൾക്കൊക്കെ എന്തിനാണ് അം​ഗീകാരം കൊടുക്കുന്നത്?" യൂറോപ്യൻ സിനിമകളിൽ എവിടെയെങ്കിലും മദ്യപാനം ആഘോഷിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News