മലൈകയുടെ അച്ഛൻ മരിച്ചപ്പോൾ കൂടെ നിന്നതിന് കാരണം; നടൻ അർജുൻ കപൂർ പറയുന്നു

Update: 2024-12-21 08:07 GMT

സെപ്റ്റംബറിലാണ് ബോളിവുഡ് നടി മലൈക അറോറയുടെ അച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍നിന്നും വീണുമരിച്ചത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടൻ അർജുൻ കപൂർ മലൈകയെ ആശ്വസിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. അർജുനും മലൈകയും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്തായിരുന്നു അത്. ഇപ്പോഴിതാ അന്ന് നല്‍കിയ പിന്തുണ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. തന്റെ മുന്‍കാല അനുഭവങ്ങളാണ് ഇത്തരത്തിലുള്ള സമീപനത്തിന് തന്നെ പ്രാപ്തമാക്കിയതെന്ന് നടന്‍ പറയുന്നു.

2018 ല്‍ പെട്ടെന്നാണ് അച്ഛന്റെ രണ്ടാം ഭാര്യയായിരുന്ന നടി ശ്രീദേവി മരണപ്പെടുന്നത്. അതിന് ശേഷം താന്‍ അച്ഛനുമായുള്ള ബന്ധം നന്നാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളാണ് മലൈകയെ ആ സമയത്ത് സഹായിക്കുന്നതിന് കാരണമായതെന്ന് അര്‍ജുന്‍ പറഞ്ഞു. ഒരാളുമായി വൈകാരികമായ അടുപ്പമുണ്ടായാല്‍ അയാളുടെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടാകുമെന്നും നടന്‍ പറഞ്ഞു.

നമ്മള്‍ ശരിയെന്ന് ധരിച്ച വ്യക്തി പിന്നീട് തെറ്റായി മാറുമോ എന്നറിയുക പ്രയാസമാണെന്ന് പറഞ്ഞ അര്‍ജുന്‍ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറഞ്ഞു. അച്ഛനും സഹോദരങ്ങളായ ഖുഷിയും ജാന്‍വിയും പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ സന്ദര്‍ഭങ്ങളിലും താന്‍ അതിനനുസരിച്ച് പ്രതികരിച്ചിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മലൈകയുടെ കാമുകനായിരുന്ന അര്‍ജുന്‍ കപൂര്‍ മലൈകയെ ആശ്വസിപ്പിച്ച് കൂടെത്തന്നെ നിന്നിരുന്നു. ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തില്‍ ആ ഘട്ടത്തിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ പിണക്കങ്ങളും മാറ്റിവെച്ച് അര്‍ജുന്‍ പ്രതിസന്ധി ഘട്ടത്തില്‍ മലൈകയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്ത്യകര്‍മങ്ങളിലും സജീവമായി അര്‍ജുന്‍ പങ്കെടുത്തിരുന്നു. മലൈകയെ അര്‍ജുന്‍ സാന്ത്വനിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Tags:    

Similar News