സ്കൂൾ ഉപേക്ഷിച്ച് സിനിമയിലേക്ക് വരാൻ എങ്ങനെ ചങ്കൂറ്റമുണ്ടായി എന്ന് ആരും ചോദിച്ചിട്ടില്ല; ദിവ്യ ഉണ്ണി

Update: 2024-12-21 08:59 GMT

സിനിമകളിൽ കാണാറില്ലെങ്കിലും ദിവ്യ ഉണ്ണിയെ മലയാളികൾ മറന്നിട്ടില്ല. വിവാഹ ശേഷമാണ് ദിവ്യ ഉണ്ണി അഭിനയ രം​ഗത്ത് നിന്നും മാറിയതും അമേരിക്കയിലേക്ക് പോകുന്നതും. പിന്നീട് നൃത്തത്തിലേക്ക് ദിവ്യ പൂർണ ശ്രദ്ധ നൽകി. നൃത്ത അധ്യാപികയുമാണ് ദിവ്യ. 2013 ൽ പുറത്തിറങ്ങിയ മുസാഫിർ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് ദിവ്യ ഉണ്ണി അവസാനമായി അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാനം സിനിമ വിട്ട ദിവ്യ നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത ഏക സിനിമയാണിത്. പിന്നീടൊരിക്കലും നടിയെ പ്രേക്ഷകർ ബി​ഗ് സ്ക്രീനിൽ കണ്ടിട്ടില്ല. വിവാഹ​ ശേഷം സിനിമകളിൽ നിന്ന് മാറി നിന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

അമേരിക്കയിലേക്ക് പോയ ശേഷം ഒന്നര വർഷത്തോളം സീരിയൽ ചെയ്തിരുന്നു. മാസത്തിൽ പത്ത് ദിവസം ഷൂട്ട്. പിന്നെ രണ്ട് സിനിമകൾ തീർത്ത് കൊടുക്കാനുണ്ടായിരുന്നു. കമ്മിറ്റ്മെന്റുകൾ തീർത്തപ്പോഴേക്കും മൂന്ന് വർഷമായി. 2003 ലാണ് ഡാൻസ് സ്കൂൾ തുടങ്ങുന്നത്. 22ാം വയസിലാണ് അമേരിക്കയിലെത്തിയതെന്നും ദിവ്യ ഉണ്ണി ഓർത്തു. മികച്ച അവസരങ്ങൾ ലഭിക്കെ കരിയർ വിടാൻ എങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കാറുണ്ട്. എന്നാൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് സ്കൂൾ ഉപേക്ഷിച്ച് സിനിമയിലേക്ക് വരാൻ എങ്ങനെ ചങ്കൂറ്റമുണ്ടായി എന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ലെന്നും ദിവ്യ ഉണ്ണി ചിരിയോടെ പറഞ്ഞു. ഉയരക്കൂടുതൽ കാരണം യുവനടൻമാർക്കൊപ്പം തനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്നത്​ ​ഗോസിപ്പ് മാത്രമാണെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.

അമേരിക്കയിൽ നൃത്ത വിദ്യാലയം തുടങ്ങിയതിനെക്കുറിച്ചും ദിവ്യ ഉണ്ണി സംസാരിച്ചു. അമേരിക്കയിലേക്ക് മൈ​ഗ്രേറ്റ് ചെയ്തപ്പോൾ ഒരുപാട് നൃത്ത പരിപാടികൾ അവിടെ ചെയ്തു. ഹൂസ്റ്റൺ ഇന്ത്യക്കാർ കൂടുതലുള്ള സ്ഥലമാണ്. എന്തുകൊണ്ട് ഇവിടെ ഡാൻസ് സ്കൂൾ തുടങ്ങിക്കൂടാ, കേരളത്തിൽ നിന്നുള്ള പ്രസൻസ് ഇപ്പോൾ ഇവിടെ ഇല്ല, പിന്തുണയുണ്ടാകുമെന്ന് അവർ എന്നോട് പറഞ്ഞു. ഇപ്പോഴും ആ പിന്തുണയുണ്ടെന്നും ദിവ്യ വ്യക്തമാക്കി. സിനിമ താൻ ഉപേക്ഷിച്ചതല്ലെന്നും ​ദിവ്യ ഉണ്ണി വ്യക്തമാക്കി. ഒരുപാട് കഥകൾ കേൾക്കുന്നുണ്ട്. പക്ഷെ മറ്റ് തിരക്കുകൾ കാരണം സിനിമ ചെയ്യാറാകാനില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു. നൃത്ത രം​ഗത്ത് ദിവ്യ ഇപ്പോഴും സജീവമാണ്. ഒപ്പം കുടുംബ ജീവിതത്തിലേക്കും ശ്രദ്ധ നൽകുന്നു. മികച്ച സിനിമകളുമായി ദിവ്യ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags:    

Similar News