33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും

Update: 2024-05-15 06:09 GMT

33-ാമത് അറബ് ലീഗ് ഉച്ചകോടിയ്ക്ക് വ്യാഴാഴ്ച മനാമയിൽ തുടക്കമാകും. ഉച്ചക്കോടിയുടെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബൂഗൈഥിനെ ഹമദ് രാജാവ് സ്വീകരിച്ചു.

ഹമദ് രാജാവുമായി നടന്ന കൂടിക്കാഴ്ചയിൽ ഉച്ചകോടി വിജയിപ്പിക്കുന്നതിന് ബഹ്‌റൈൻ സ്വീകരിച്ച ഒരുക്കങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ച അബൂഗൈഥ് രാജാവിന് പ്രത്യേകം നന്ദി അറിയിച്ചു. ഇത്തരമൊരു ചരിത്രപരമായ ഉച്ചകോടി ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നതിൽ ഏറെ അഭിമാനമുള്ളതായി രാജാവ് വ്യക്തമാക്കി. മേഖല കടന്നു പോകുന്ന പ്രത്യേക സാഹചര്യവും സംഭവ വികാസങ്ങളുടെയും ഇടയിലാണിതെന്നത് ശ്രദ്ധേയമാണെന്നും രാജാവ് പറഞ്ഞു.

അറബ് രാജ്യങ്ങൾ കൈവരിച്ച നേട്ടങ്ങളും അഭിമാനാർഹമായ വളർച്ചയും നിലനിർത്തുന്നതിനും മേഖലയിൽ സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിനും കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു.അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും ഒത്തൊരുമയും വർധിപ്പിക്കുന്നതിനും കൂട്ടായ തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന അറബ് ലീഗ് സെക്രട്ടറി ജനറലിന് ഹമദ് രാജാവ് പ്രത്യേകം അഭിവാദ്യങ്ങൾ അറിയിച്ചു.

Tags:    

Similar News