നാഷണൽ ട്രീ വീക്കിന് തുടക്കം കുറിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ വൃക്ഷത്തൈ നട്ടു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനായി ഹമദ് രാജാവ് പ്രഖ്യാപിച്ച ദേശീയ കർമപദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുകയും പാരിസ്ഥിതിക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വികസനത്തെ പിന്തുണക്കുകയും ചെയ്യുക എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണ്. ദേശീയ പാരിസ്ഥിതിക പദ്ധതികളെ, പാരിസ്ഥിതിക സുരക്ഷ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ വൃക്ഷവാരാഘോഷം രാജ്യത്തിന്റെ വനവത്കരണ പദ്ധതിക്ക് ഊർജം നൽകും. ഔദ്യോഗിക, സിവിൽ സ്ഥാപനങ്ങൾ, പൗരന്മാർ, താമസക്കാർ, തുടങ്ങി എല്ലാവരും തമ്മിലുള്ള സഹകരണത്തോടെ ദൗത്യം വിജയിപ്പിക്കണം. 2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് പദ്ധതി. ഈ ലക്ഷ്യം കൈവരിക്കുകയാണ് നാഷനൽ ട്രീ വീക്കിലൂടെ ലക്ഷ്യമിടുന്നത്. 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കും.
വനവത്കരണപദ്ധതി നടപ്പാക്കുന്നതിന് ബദ്ധശ്രദ്ധരായ വ്യക്തികളോടും സ്ഥാപനങ്ങളോടും അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു. പാരിസ്ഥിതിക അവബോധം വർധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, ബഹ്റൈനിലുടനീളം ഹരിത ഇടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ രാജ്യത്തിന്റെ വിശാല ലക്ഷ്യങ്ങളോടെയാണ് എല്ലാ വർഷവും ഒക്ടോബർ മൂന്നാം വാരം നാഷനൽ ട്രീ വീക്കായി ആചരിക്കുന്നത്.