ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9-ാമത് വേൾഡ് ഫോറം സമാപിച്ചു. ‘ഗ്യാസ്ട്രോണമി ടൂറിസം: സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചാലകശക്തി’ എന്ന പ്രമേയത്തില്‍ വേള്‍ഡ് ഫോറം പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ സാന്നിധ്യം മൂലം ആഗോള ശ്രദ്ധ നേടി.
ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ധർ ഒത്തുചേര്‍ന്നു. മധ്യ പൗരസ്ത്യ മേഖലയില്‍ ആദ്യമായി ഈ സുപ്രധാന ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ബഹ്റൈന്‍ ടൂറിസം ആൻഡ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഇ.എ) റിസോഴ്സ് ആൻഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ ദന ഒസാമ അല്‍ സാദ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈനിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ടൂറിസം സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.