ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലേക്ക് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ക്ഷണം. ബഹ്റൈൻ രാജാവിനെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ കത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൈമാറി.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി അൽ യഹ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണക്കത്ത് കൈമാറിയത്. അബ്ദുല്ല അൽ യഹ്യയെ ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശി സ്വീകരിച്ചു. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നു. 45-മത് ജി.സി.സി ഉച്ചകോടിയാണ് കുവൈത്തിൽ നടക്കുന്നത്. ജി.സി.സി ഉച്ചകോടി അതിന്റെ ലക്ഷ്യം കൈവരിക്കുന്നതിൽ വിജയിക്കട്ടെയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശംസിച്ചു.
ബഹ്റൈന് വളർച്ചയും സമൃദ്ധിയും ഉണ്ടാവട്ടെയെന്ന് മന്ത്രി അബ്ദുല്ല അൽ യഹ്യ ആശംസിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, സാമ്പത്തിക-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ്കാര്യ മന്ത്രി ഹമദ് അൽ മാൽക്കി എന്നിവരും സന്നിഹിതരായിരുന്നു.