ശരത്കാലം മാറി രാജ്യം ശൈത്യകാലത്തേക്ക് കടക്കുന്നതിനാൽ വരും ദിവസങ്ങളിൽ കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാകുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ന്യൂനമർദമുണ്ടാകുന്നതിനാൽ ചെറിയ മഴക്ക് സാധ്യതയുണ്ട്.
ശക്തമായ കാറ്റ്; ജാഗ്രത വേണം
ശക്തമായ കാറ്റ് വീശുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ ഡയറക്ടറേറ്റ് അറിയിച്ചു. 27 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റുണ്ടാകും. 28-30 വരെ കാറ്റ് ശക്തമാകും. രാത്രിയിലും അതിരാവിലെയും നല്ല തണുപ്പ് അനുഭവപ്പെടും. തുടർന്നുള്ള ദിവസങ്ങളിൽ കാറ്റിന്റെ വേഗം ക്രമേണ കുറയുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ജനം ജാഗ്രത പുലർത്തുകയും ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണം.
ഇടിമിന്നലിനും സാധ്യത
അറേബ്യൻ പെനിൻസുലയുടെ വടക്കൻ ഭാഗങ്ങളെയും ഗൾഫ് മേഖലയെയും ന്യൂനമർദം ബാധിക്കും. ഇതു പലപ്പോഴും അസ്ഥിരമായ കാലാവസ്ഥക്കും മേഘം രൂപംകൊള്ളുന്നതിനും ഇടയ്ക്കിടെയുള്ള ഇടിമിന്നലിനും കാരണമാകും.