ദുബൈ: ഭാവിയുടെ വിമാനത്താവളം എന്ന് വിളിക്കപ്പെടുന്ന ദുബൈയിലൊരുങ്ങുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലൊരുങ്ങുന്നത് (ഡിഡബ്ല്യുസി) അതിനൂതന സംവിധാനങ്ങൾ. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകാൻ കാത്തിരിക്കേണ്ട കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിമാനത്താവളത്തിൽ സജ്ജമാക്കുന്ന സ്മാർട്ട് ഇടനാഴിയിലൂടെ വെറും സെക്കൻഡുകൾ കൊണ്ട് യാത്രക്കാർക്ക് ഇമിഗ്രേഷൻ പൂർത്തിയാക്കാം.
നിലവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡിഎക്സ്ബി) സ്മാർട്ട് ഗേറ്റുകൾ വഴി ഒരു സമയം ഒരു യാത്രക്കാരനാണ് കടന്നു പോകാൻ കഴിയുന്നതെങ്കിൽ പുതിയ വിമാനത്താവളത്തിൽ സ്മാർട്ട് കോറിഡോർ വഴി ഒരു സമയം 10 പേർക്ക് കടന്നുപോകാനാകും. ചൊവ്വാഴ്ച ദുബൈയിൽ നടന്ന എയർപോർട്ട് ഷോയിൽ, ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ അഹ്മദ് അൽ മറി, ദുബൈയിലെ പുതിയ വിമാനത്താവളത്തിൽ ഒരുങ്ങുന്ന തടസ്സരഹിതമായ യാത്രയെ കുറിച്ച് വിശദമാക്കി. നേരത്തെ പാസ്പോർട്ട് പരിശോധിക്കാനും സ്റ്റാമ്പ് ചെയ്യാനുമുള്ള നടപടിക്രമങ്ങൾ വേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ പാസ്പോർട്ടുകളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പരിശോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ദുബൈ എയർപോർട്ടിൽ (ഡിഎക്സ്ബി) കുട്ടികൾക്കും, അമ്മമാർക്കും, പ്രായമായ യാത്രക്കാർക്കുമായി പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്. ദുബൈ എയർപോർട്ടുകളിൽ മുൻഗണന നൽകുന്നത് കുട്ടികളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കും പ്രായമായ യാത്രക്കാർക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കാര്യം മറന്നിട്ടില്ലെന്നും അവർക്കായി പ്രത്യേക കൗണ്ടർ സജ്ജീകരിക്കുമെന്നും ഇത്തിരത്തിലൊന്ന് ലോകത്തിൽ തന്നെ ആദ്യത്തേതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അൽ മക്തൂം വിമാനത്താവളത്തിൽ ബാഗേജ് കൈകാര്യം ചെയ്യുന്നതും ഓട്ടോമേറ്റഡ് സംവിധാനം വഴിയാകും. യാത്രക്കാർ എയർപോർട്ടിൽ കാറിൽ വന്നിറങ്ങുമ്പോൾ തന്നെ റോബോട്ടുകൾ അവരുടെ ലഗേജ് കാറിൽ നിന്ന് നേരിട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ എത്തിക്കുമെന്ന് ദുബൈ ഏവിയേഷൻ എഞ്ചിനീയറിങ് പ്രോജക്ട് സീനിയർ ഡയറക്ടർ ഓഫ് ഫ്യൂച്ചർ ഓഫ് തിങ്സ്, അബ്ദുള്ള അൽ ഷംസി പറഞ്ഞു.
യാത്രക്കാർക്ക് ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും എയർപോർട്ട് ഡ്യൂട്ടി ഫ്രീയിൽ നിന്ന് ഷോപ്പ് ചെയ്യാനുമാകും. യാത്ര പ്ലാൻ ചെയ്തയുടൻ എയർപോർട്ട് മെറ്റാവേർസ് അനുഭവം ആസ്വദിക്കാനും കഴിയും. ടിക്കറ്റുകൾ ബുക്ക് ചെയ്ത് കഴിയുമ്പോൾ യാത്രക്കാരുടെ ബാഗുകൾക്ക് ഇ-ടാഗുകൾ നൽകും. എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാരെ സ്വാഗതം ചെയ്യാനും സഹായിക്കാൻ റോബോട്ടുകൾ ഉണ്ടാകും. എയർപോർട്ടിൽ വന്നിറങ്ങുന്ന കാറുകളിലെ ഡ്രൈവർമാർ ലഗേജ് താഴെയിടും ഒരു സെൽഫ് ബാഗ് ഡ്രോപ്പ് റോബോട്ട് അത് ശേഖരിക്കാൻ വരും. ബാഗേജിൻറെ ഭാരം നോക്കാനും പ്രയാസപ്പെടേണ്ട. യാത്രക്കാരുടെ വാഹനങ്ങൾ വിമാനത്താവളത്തിലേക്ക് കടക്കുമ്പോൾ തന്നെ
ഇന്റലിജൻറ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം ഇവ ട്രാക്ക് ചെയ്യും. കൺവേയർ ബെൽറ്റുകൾക്ക് പകരം, യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ബയോമെട്രിക് കിയോസ്കുകളിൽ നിന്ന് സ്വീകരിക്കാം. യാത്രക്കാർക്ക് ലഗേജുകൾ ഹോം ഡെലിവറി ചെയ്യാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാനുമാകും.
അതേസമയം യാത്രാ ദൂരവും വിമാനങ്ങൾക്കിടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന സമയവും കുറയ്ക്കുന്നതിനായി അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂഗർഭ ട്രെയിൻ സംവിധാനം പരിഗണനയിലാണ് എന്ന് ദുബൈ എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം) വെളിപ്പെടുത്തിയിരുന്നു. ഭൂഗർഭ ട്രെയിൻ വരുന്നതോടെ പുതിയ ടെർമിനൽ സമുച്ചയത്തിനുള്ളിലെ യാത്രാ സമയം 15-20 മിനിറ്റായി കുറയും. ലണ്ടനിലെ കിങ്സ് ക്രോസിൽ നിന്ന് പാഡിംഗ്ടണിലേക്കുള്ള യാത്ര പോലെ വലിയ നഗരങ്ങളിലെ പ്രധാന ട്രെയിൻ സ്റ്റേഷനുകൾക്കിടയിലുള്ള യാത്രയ്ക്ക് സമാനമാണിത്.