അറസ്റ്റിനും കേസിനും ജാമ്യത്തിനും പിന്നാലെ വേടൻ എന്ന ഹിരൺ ദാസ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എപ്പോഴത്തെയും പോലെ വലിയ ആരാധക കൂട്ടം തന്നെ വേടന്റെ പാട്ട് കേൾക്കാൻ വേദിയ്ക്ക് ചുറ്റും അണിനിരക്കുകയും ചെയ്തു. പരിപാടിയ്ക്ക് ഇടയിൽ വേടൻ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തിൽ ശ്രദ്ധനേടുന്നത്. താൻ എഴുതുന്ന വരികളിൽ പതിരില്ലെന്നും പാട്ടും പറച്ചിലും തുടർന്ന് കൊണ്ടിരിക്കുമെന്നും വേടൻ പറഞ്ഞു.
വേടന്റെ വാക്കുകൾ ഇങ്ങനെ
എന്റെ വരികളിൽ പതിരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ചെയ്യാൻ പറ്റുന്നൊരു കാര്യം പോരാടിക്കൊണ്ടേയിരിക്കുക എന്നതാണ്. പഠിക്കുക, അധികാരം കയ്യിലെടുക്കുക, ജനങ്ങൾക്ക് വേണ്ടി മിണ്ടുക അത്രമാത്രമെ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. എന്റെ പണി ഞാൻ ചെയ്യുന്നു. ജനങ്ങളോട് ഒരുപാട് നന്ദിയുണ്ട്. ഈ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും എനിക്ക് നന്ദിയുണ്ട്. പിന്നെ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, വേടൻ എന്ന കലാകാരൻ ഏതെങ്കിലും പാർട്ടിയുടെ ഭാ?ഗമല്ല. വേടൻ പൊതുസ്വത്താണെന്ന് ഞാൻ തന്നെ വിശ്വസിക്കുന്ന ആളാണ്. ഞാൻ നിങ്ങളുടെ കലാകാരനാണ്. എന്നെ കാണാൻ വന്ന ജനങ്ങൾക്കും, അവരാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും എന്റെ ഒരുപാട് നന്ദികൾ. ഇതുപോലെ അല്ലെങ്കിൽ ഇതിലും പതിനായിരക്കണക്കിന് ആളുകളുള്ള വേദിയിൽ ഞാൻ ഒരിക്കൽ കൂടി പാട്ട് പാടും. പാട്ടും പറച്ചിലും ഞാൻ തുടർന്ന് കൊണ്ടേയിരിക്കും. എനിക്ക് ധൈര്യമായി വേദികളിൽ നിന്ന് പാട്ട് പാടാൻ പറ്റുന്നത് നിങ്ങൾ കാരണമാണ്. ഒരു കവിത എഴുതിയാൽ പോലും തീരാത്തത്ര നന്ദിയുണ്ട് നിങ്ങളോട്. ഞാൻ ഇനിയും നിങ്ങൾക്ക് മുന്നിൽ വരും.