തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന്റെ കമീഷനിങ് വേളയിൽ വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. മാധ്യമ പ്രവർത്തകരോടായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച് ഒരുരാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിനെയാണ് മന്ത്രി വിമർശിനം ഉന്നയിച്ചത്.
നിങ്ങൾ അവിടേക്ക് നോക്കൂ. സ്റ്റേജിൽ ഒറ്റക്കിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും വേദിയിലിരുത്താൻ സാധിക്കില്ല. അത് ആർക്കും മനസിലാകും. കുറച്ചാളുകൾക്ക് സദസ്സിലിരിക്കാം. എന്നാൽ ധനമന്ത്രി സദസ്സിലിരിക്കെയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് വേദിയിലിരുത്തിയിരിക്കുന്നത്. ഇതാണ് ജനാധിപത്യത്തോട് ബി.ജെ.പി കാണിക്കുന്ന നിലപാടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വേദിയിൽ മറ്റുള്ളവരെക്കാൾ എത്രയോ നേരത്തേ വന്ന് മുദ്രാവാക്യം വിളിക്കുകയാണ് അദ്ദേഹം. ഇതൊരു സർക്കാർ പരിപാടിയല്ലേ. അദ്ദേഹം കാണിക്കുന്നത് അൽപത്തരമാണെന്നും മലയാളി ഒന്നും മറക്കില്ലെന്നും മന്ത്രി റിയാസ് ഓർമിപ്പിച്ചു.