പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു

പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്.തന്‍റെ നിലപാടുകള്‍ വെട്ടിതുറന്നു പറയുന്ന എംജിഎസ് കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ അതുല്യ പ്രതിഭയാണ്.

1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. 1964 മുതല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടി. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.

കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ബിരുദാനന്തരഗവേഷണപദ്ധതികള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി ഇരുനൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ചരിത്ര ലേഖനങ്ങള്‍ക്കുപുറമേ കവിതയും ഇഷ്ടമേഖലയായിരുന്നു.

ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ ‘ജാലകങ്ങള്‍’ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *