ഭീകരാക്രമണം നടന്ന ദിവസം എർദോഗനുമായി കശ്മീർ ചർച്ച ചെയ്ത് പാക് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണം നടന്ന ദിവസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായുള്ള അങ്കാറയിലെ കൂടിക്കാഴ്ചയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കശ്മീർ പ്രശ്നം ഉന്നയിച്ചിരുന്നു. കശ്മീർ വിഷയത്തിൽ തുർക്കിയുടെ എല്ലാ പിന്തുണയും പാകിസ്ഥാനുണ്ടായിരിക്കുമെന്ന് എർദോ​ഗാൻ ഉറപ്പ് നൽകി. കശ്മീരിന് തുർക്കിയുടെ പിന്തുണയ്ക്ക് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് പ്രധാനമന്ത്രി നന്ദി അറിയിച്ചത്.

കശ്മീരിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ വാദങ്ങളെ എർദോഗൻ മുമ്പും പിന്തുണച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിലെ പാകിസ്ഥാൻ സന്ദർശന വേളയിൽ എർദോഗൻ കശ്മീർ പ്രശ്നം ഉന്നയിക്കുകയും കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പ്രമേയം അനുസരിച്ച് ചർച്ചയിലൂടെയും കശ്മീരിലെ ജനങ്ങളുടെ അഭിലാഷങ്ങൾ അനുസരിച്ചും പരിഹരിക്കണമെന്നാണ് എർദോ​ഗാൻ പറഞ്ഞത്. എന്നാൽ, എർദോഗന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടി നൽകിയിരുന്നു.

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ അഖണ്ഡതക്ക് നിരക്കാത്ത പ്രസ്താവന തള്ളിക്കളയുന്നുവെന്നും ഇന്ത്യ മറുപടി നൽകി. തുർക്കി അംബാസഡറെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ( ടിആർഎഫ് ) രം​ഗത്തെത്തിയിരുന്നു. അതേസമയം, ആക്രമണവുമായി യാതൊരുവിധ ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *