തിരുവാതുക്കൽ ദമ്പതികൊലക്കേസ് : മുൻ വീട്ടുജോലിക്കാരൻ കസ്റ്റഡിയിൽ

കോട്ടയം തിരുവാതുക്കൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയിൽ നിന്ന് വിജയകുമാർ പിരിച്ചുവിട്ടിരുന്നു.

സിസിടിവി ദൃശ്യം റെക്കോർഡ് ചെയ്യുന്ന ഡിവിആർ (ഡിജിറ്റൽ വിഡിയോ റെക്കോർഡർ) കൊലക്ക് ശേഷം പ്രതി മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്നിൽ സിസിടിവിയുണ്ട്. ഈ സിസിടിവിയുടെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ഡിവിആർ ആണു പ്രതി മോഷ്ടിച്ചത്. വീട്ടിലെ ജോലിക്കാരൻ ആയിരുന്നതിനാൽ തന്നെ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയാണ് അമിതിന്റെ നീക്കമെന്ന് പൊലീസ് സംശയിക്കുന്നു.

വ്യക്തിവൈരാഗ്യമാകാം കൊലപാതക കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് പറഞ്ഞു. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു. മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ട്. രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയിൽ അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെറെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

അതേസമയം ഇവരുടെ കൊലപാതകവും ഇവരുടെ മകൻറെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി വിജയകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. ഗൗതമിന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *