പു​ക​വ​ലി വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ബ​ഹ്റൈ​ൻ പി​ഴ​യി​ന​ത്തി​ൽ വ​ർ​ധ​ന

ബഹ്‌റൈനിൽ പുകവലി വിരുദ്ധ നിയമങ്ങളിൽ ഭേദഗതി വരുത്തിയ നിയമത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അംഗീകാരം. ഇതോടെ പൊതുസ്ഥലത്തെ പുകവലി തുടങ്ങിയ നിരോധിത പ്രവൃത്തികൾക്ക് പിഴത്തുക വർധിക്കും. നേരത്തെ പാർലമെൻറും ശൂറ കൗൺസിലും ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. നിയമം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നതാണ്. നിയമ പ്രകാരം പൊതുഗതാഗത മാർഗങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ നിരവധി അടഞ്ഞ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിരിക്കുന്നു.രാജ്യത്ത് പുകയില കൃഷി ചെയ്യുന്നതും, പുകയില ഉൽപാദിപ്പിക്കുന്നതും, പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയന്ത്രിക്കുന്നു.

18 വയസ്സിൽ താഴെയുള്ള വ്യക്തികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതും സൗജന്യമായി നൽകുന്നതും നിയമവിരുദ്ധമാണ്. പുകയില ഉൽപന്നങ്ങളുടെ പരസ്യം, പ്രോത്സാഹനം, സ്‌പോൺസർഷിപ് എന്നിവ പൊതുസ്ഥലങ്ങളിലും മാധ്യമങ്ങളിലും നിരോധിച്ചിരിക്കുന്നു. സ്‌പോർട്‌സ് ക്ലബുകൾ, പാർക്കുകൾ, പൊതു പൂന്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പുകവലിക്കാനുള്ള കഫേകൾ തുറക്കുന്നത് നിരോധിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്തവരെ പുകവലിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ ആരോഗ്യപരമായ മുന്നറിയിപ്പുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ഒറ്റ സിഗരറ്റ് വിൽപനയും അംഗീകൃതമല്ലാത്ത പാക്കറ്റുകളും നിരോധിച്ചിരിക്കുന്നു. ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ചതിൻറെ പിറ്റേ ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരും.

ഭേദഗതി ചെയ്ത നിർദേശങ്ങൾ

  • ആർട്ടിക്കിൾ നാല് (പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത്) 20 മുതൽ 50 ബഹ്റൈൻ ദീനാർ വരെ പിഴ ലഭിച്ചേക്കാം
  • ആർട്ടിക്കിൾ അഞ്ച് (18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുക) ആർട്ടിക്കിൾ എട്ട് (പാർക്കുകളിലെ പുകവലിക്കുന്ന കഫേകൾ, പ്രായപൂർത്തിയാകാത്തവരെ പുകവലിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നത്), ആർട്ടിക്കിൾ 13 (ഒറ്റ സിഗരറ്റ് വിൽപന, അംഗീകൃതമല്ലാത്ത പാക്കേജിങ്) എന്നിവ ലംഘിക്കുന്നവർക്ക് 100 ബഹ്‌റൈൻ ദീനാറിൽ കുറയാത്ത പിഴ.

-ആർട്ടിക്കിൾ (7) (പുകയില കമ്പനികൾ പൊതുപരിപാടികൾ സ്‌പോൺസർ ചെയ്യുന്നത്), ആർട്ടിക്കിൾ (12) (പോഷകാഹാര ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്ക് നേരിട്ട് എടുക്കാൻ കഴിയുന്ന തരത്തിലുള്ള പുകയില ഉപന്നങ്ങളുടെ പ്രദർശനം) എന്നിവ ലംഘിക്കുന്നവർക്ക് 1,000 മുതൽ 3,000 ബഹ്റൈൻ ദീനാർ വരെ പിഴ.

  • ആർട്ടിക്കിൾ രണ്ട് (രാജ്യത്ത് പുകയില കൃഷി ചെയ്യുന്നതും, പുകയില ഉൽപാദിപ്പിക്കുന്നതും, പുനർനിർമിക്കുന്നതും നിരോധിച്ചിരിക്കുന്നു), ആർട്ടിക്കിൾ മൂന്ന് (പുകയില വിതരണ യന്ത്രങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും കൊണ്ടുവരുന്നതും നിരോധനം) എന്നിവ ലംഘിക്കുന്നവർക്ക് 2000 മുതൽ 5000 വരെ പിഴ ലഭിക്കും.

ആർട്ടിക്കിൾ (11) (പുകയിലക്ക് പകരമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഏതെങ്കിലും ഔഷധ സസ്യങ്ങളോ മറ്റ് സസ്യജന്യ വസ്തുക്കളോ നിക്കോട്ടിൻ അടങ്ങിയിട്ടില്ലെങ്കിൽ പോലും ഇറക്കുമതി ചെയ്യുന്നതും, വിതരണം ചെയ്യുന്നതും വിൽക്കുന്നതിനും നിരോധനം) ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവും 1,000 മുതൽ 100,000 ബഹ്റൈൻ ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ച് ശിക്ഷയായി ലഭിക്കാം.

കൂടാതെ, കുറ്റം ചെയ്ത സ്ഥാപനം മൂന്ന് മാസം വരെ അടച്ചിടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതിക്ക് ഉത്തരവിടാം.

Leave a Reply

Your email address will not be published. Required fields are marked *