കൊല്ലപ്പെട്ട എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ മകന് വധഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് മകൻ സീഷൻ സിദ്ദീഖിക്ക് ഭീഷണി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. പിതാവ് കൊല്ലപ്പെട്ടതുപോലെ കൊല്ലപ്പെടും എന്നാണ് ഭീഷണിയെന്ന് പോലീസ് പറയുന്നു. പത്ത് കോടി രൂപ സീഷനിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ഇനിയും ഇത്തരം ഇ-മെയിലുകൾ വരുമെന്നും സന്ദേശത്തിൽ പറയുന്നു.
ഡി-കമ്പനിയിൽ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്ന് സീഷൻ പറഞ്ഞു. അവർ മോചനദ്രവ്യമായി പത്ത് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും തന്റെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി മൂലം തങ്ങളുടെ കുടുംബം അസ്വസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബര് 12നായിരുന്നു മുംബൈയിലെ നിർമൽ നഗറിലെ സീഷൻ സിദ്ദീഖിയുടെ ഓഫീസിനു സമീപം വച്ച് ബാബാ സിദ്ദീഖി മൂന്ന് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. എൻസിപി നേതാവിന്റെ കൊലപാതക ഉത്തരവാദിത്തം ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു.