എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തൻകാവിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വൈക്കം മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ പരേതരായ ജോയി – ശാന്തമ്മ ദമ്പതികളുടെ മകൻ ജിജോ തോമസ് (38) ആണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. എറണാകുളത്ത് സുഹൃത്തിനെ ആക്കിയ ശേഷം തിരികെ മറവൻതുരുത്തിലേക്ക് പോവുകയായിരുന്നു ജിജോ. ഇതിനിടെ പൂത്തോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് ജിജോയുടെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച ജിജോ. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. യുവാവ് ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്