ബഹ്‌റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സർവിസുകൾക്ക് പുതിയ ഏജൻസിയെ കണ്ടെത്തി ഇന്ത്യൻ എംബസി. ആറ് പ്രമുഖ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. അതിൽ കുറഞ്ഞ ലേലത്തുക വെച്ച ബഹ്‌റൈൻ ആസ്ഥാനമായിട്ടുള്ള യൂസുഫ് ബിൻ അഹ്‌മദ് കാനു ഡബ്ല്യു.എൽ.എൽ എന്ന സ്ഥാപനത്തിനാണ് ഇന്ത്യൻ പാസ്‌പോർട്ട് വിസ സർവിസ് ഔട്ട് സോഴ്‌സിങ് സെന്ററിന്റെ കരാർ ലഭിച്ചത്.
അടുത്ത മൂന്നു വർഷത്തേക്കാണ് കരാർ. ഏജൻസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും കരാർ ഒപ്പിടൽ നടക്കുക. കരാറൊപ്പിട്ട ശേഷം രണ്ടുമാസത്തിനകം പുതിയ ഏജൻസി പ്രവർത്തനമാരംഭിക്കും. ഐ.വി.എസ് ഗ്ലോബലിൻറെ കീഴിലായിരുന്നു ഇതുവരെ പാസ്‌പോർട്ട്, വിസ സർവിസുകളും കൂടാതെ ചില അറ്റസ്റ്റേഷൻ സർവിസുകളും നൽകിയിരുന്നത്. ഇനിമുതൽ ഐ.വി.സ് ഗ്ലോബൽ നൽകിയതിനേക്കാളേറെ അറ്റസ്റ്റേഷൻ സേവനങ്ങളും ലഭ്യമാകും എന്നതാണ് പുതിയ ഏജൻസിയെ വ്യത്യസ്തമാക്കുന്നത്.
കൂടാതെ എല്ലാ സർവിസുകളും ഒരു സ്ഥലത്തുനിന്ന് ലഭിക്കുക വഴി ആവശ്യക്കാർക്ക് രണ്ട് സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയിലും മാറ്റമുണ്ടാകും. എംബസിയിൽ നിന്നും ലഭിക്കുന്ന പ്രാകാരം ഒരേ ദിവസംതന്നെ അറ്റസ്റ്റേഷൻ സേവനങ്ങൾ ഏജൻസിയിൽ നിന്നും തിരികെ ലഭിക്കും.
എംബസി ഓഫിസർ തന്നെയാണ് സെൻററുകളിൽ നേരിട്ടെത്തി രേഖകൾ പരിശോധിച്ച് അപേക്ഷകർക്ക് തിരികെ നൽകുക. കരാർ ലഭിക്കുന്ന കമ്പനി വിശാലമായ പാർക്കിങ് സൗകര്യങ്ങളടങ്ങിയ സ്ഥലങ്ങളിലായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന നിബന്ധന ആദ്യമേ ഉണ്ടായിരുന്നു. ഇനി പാസ്‌പോർട്ട് വിസ സർവിസ് നിരക്കുകളിലും ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.