സർക്കാറിന്റെ കരാറുള്ള സ്വകാര്യ കമ്പനികളിൽ തൊഴിലാളികൾ 50 ശതമാനം ബഹ്റൈനികളാവണമെന്ന നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. ബഹ്റൈനി പൗരന്മാരെ ഇത്തരെ മേഖലകളിൽ നിയമിക്കുന്നതിനായുള്ള നിയമങ്ങൾ ഭേദഗതി ചെയ്യാനാണ് നിർദേശം. എം.പിമാരായ മുനീർ സുറൂർ, മുഹമ്മദ് അൽ അഹമ്മദ്, ലുൽവ അൽ റൊമൈഹി എന്നിവർ സമർപ്പിച്ച നിർദിഷ്ട ഭേദഗതി, 2002 ലെ സ്വകാര്യവത്കരണ നിയമത്തിലെ ആർട്ടിക്ൾ നാലിൽ ഒരു പുതിയ വ്യവസ്ഥ ചേർക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലില്ലായ്മ പരിഹരിക്കാനും ദേശീയ തൊഴിൽ ശക്തി പങ്കാളിത്തം ശക്തിപ്പെടുത്താനും ഭേദഗതി സഹായകമാകുമെന്നാണ് നിർദേശത്തെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. സർക്കാർ പല പദ്ധതികളും നിലവിൽ സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുന്നുണ്ട്. ഞങ്ങൾ അതിനെതിരല്ല. പക്ഷേ അത്തരം സ്ഥാപനങ്ങളിൽ 50 ശതമാനം ബഹ്റൈനികളെ നിയമിക്കണമെന്നും ദേശീയ തൊഴിൽ ലക്ഷ്യങ്ങളുമായി തീരുമാനങ്ങൾ പൊരുത്തപ്പെടണമെന്നും എം.പി മുനീർ സൂറൂർ പറഞ്ഞു.