ഇറാൻ – അമേരിക്ക ആണവ ചർച്ചയുടെ അടുത്ത ഘട്ടം മസ്കത്തിൽ

ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ – അമേരിക്ക ആണവ ചർച്ചയുടെ അടുത്ത ഘട്ടം മസ്കത്തിൽ നടക്കും. കഴിഞ്ഞ ദിവസം ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ രണ്ടാം ഘട്ട ചർച്ച നടന്നിരുന്നു. മസ്കത്തിലെ ചർച്ചക്ക് മുമ്പായി കരാറിന്റെ കരട് ചർച്ച ചെയ്യാൻ വിദഗ്ധരെ നിയോഗിക്കാൻ ഇരു കക്ഷികളും സമ്മതിച്ചതായാണ് റിപ്പോർട്ട്

റോമിലെ ഒമാൻ എംബസിയിലായിരുന്നു രണ്ടാംഘട്ട ചർച്ച. നാല് മണിക്കൂർ നീണ്ട ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചിയും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിക്ക് തങ്ങളുടെ പ്രൊപ്പോസലുകൾ കൈമാറി. ക്രിയാത്മകമായ ചർച്ചയാണ് റോമിൽ നടന്നതെന്നും അരഗ്‌ചിയെയും വിറ്റ്കോഫിനെയും അഭിനന്ദിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

ചർച്ചകൾ നല്ല രീതിയിലാണ്. അസംഭവ്യമായ കാര്യങ്ങൾ പോലും സാധ്യമാണെന്ന സൂചനയാണിതെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ടെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, റോമിൽ ഒമാൻ്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെ ഏറെ പ്രതീക്ഷയോടെയാണ് മേഖലയിലെ നിരീക്ഷകരും വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *