ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം.ഇന്നലെ ഉച്ചയോടെയാണ് സംഭവം.ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനത്താവളത്തിലെ എയർ സൈഡിൽ പാർക്കിംഗ് ബേ (71 ആൽഫ) ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് ടെമ്പോ ട്രാവലർ ഇൻഡിഗോ വിമാനത്തിൽ ഇടിച്ചത്.
സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനം നടത്തിയതായും വിമാനത്താവള വക്താവ് അറിയിച്ചു. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത്. വാഹനം വിമാനത്തിൽ ഇടിച്ച ശേഷമാണ് ഡ്രൈവർ ഉറക്കം വിട്ടുണർന്നത്.
ആകാശ എയർ വിമാന കമ്പനിയുടെ ജീവനക്കാരെ ഓഫീസിൽ നിന്നും എയർക്രാഫ്റ്റ് ബേയിലേക്ക് എത്തിക്കുന്നതിനായാണ് ടെമ്പോ ട്രാവലർ ഉപയോഗിച്ചിരുന്നത്. അപകട സമയത്ത് വാഹനത്തിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എൻജിൻ തകരാറിനെ തുടർന്ന് 2022 മുതൽ പ്രവർത്തിക്കാതെ ബംഗളൂരു വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇൻഡിഗോ എ 320 വിമാനത്തിലാണ് വാഹനം ചെന്നിടിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നുമാണ് വിമാന കമ്പനിയുടെ പ്രതികരണം.