ജമ്മു കശ്മീരിലെ റാംബൻ ജില്ലയിലെ സേറി ബഗ്നയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് മൂന്നു പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. വിവിധ ഇടങ്ങളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചലും റിപ്പോർട്ട് ചെയ്തു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ദേശീയ പാതയിൽ ഉൾപ്പെടെ ഗതാഗത തടസ്സങ്ങളും ഉണ്ടായി. അഞ്ഞൂറോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.
പേമാരിയും കാറ്റും ആലിപ്പഴ വർഷവും റാംബനിലുണ്ടായി. ചെനാബ് നദിയും കരകവിഞ്ഞൊഴുകി. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത മഴ തുടരുകയാണെന്ന് റാംബൻ ഡെപ്യൂട്ടി കമ്മീഷണർ ബസീർ ഉൽ ഹഖ് പറഞ്ഞു. രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ഇതിനകം തന്നെ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു രക്ഷപ്പെടുത്തുന്നതിനായി റവന്യൂ, പോലീസ് ടീമുകൾ സജ്ജമാണ്. ഈ പ്രദേശത്തേക്കുള്ള യാത്ര നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.