കെന്നത്ത് കൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 ലക്ഷം ഡോളറിലധികം പണവും അഞ്ച് ലക്ഷം ഡോളർ വിലമതിക്കുന്ന സ്വർണ്ണവും കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ അറസ്റ്റിലായി. സാംബിയൻ കസ്റ്റംസാണ് ഇയാളെ പിടികൂടിയത്. ദുബായിലേക്കാണ് ഇയാൾ പണം കടത്താൻ ശ്രമിച്ചതെന്ന് ഡ്രഗ് എൻഫോഴ്സ്‌മെന്റ് കമ്മിഷനെ(ഡിഇസി) ഉദ്ധരിച്ച് സാംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
27 വയസ്സുള്ള യുവാവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഇയാളുടെ പക്കൽനിന്ന് പിടിച്ചെടുത്ത കെട്ടുകണക്കിന് നോട്ടുകളുടെ ചിത്രങ്ങൾ സാംബിയൻ മാധ്യമങ്ങൾ പുറത്തു വിട്ടു. വലിയ സ്യൂട്ട്കേസിനകത്ത് കറുത്ത ബാഗുകളിൽ നിറച്ച നിലയിലാണ് പണവും സ്വർണവും പിടിച്ചെടുത്തത്. അന്താരാഷ്ട്ര തലത്തിൽ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇതിന് പിന്നിലെന്നും അന്വേഷണം തുടരുകയാണെന്നും ഡിഇസി അറിയിച്ചു.