അമിത് ഷായെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിന്‍ രം​ഗത്ത്; ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ കഴിയില്ലെന്ന് സ്റ്റാലിന്‍

2026 തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ബിജെപി സഖ്യമുറപ്പിച്ചതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രം​ഗത്ത്. ഏത് ഷാ വന്നാലും തമിഴ്‌നാടിനെ ഭരിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പിൽ വിജയം ഡിഎംകെയുടേതാണെന്നും തമിഴ്‌നാട് എപ്പോഴും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെ സ്റ്റാലിന്‍ പറഞ്ഞു.

പ്രസംഗത്തിന്റെ വലിയൊരു ഭാഗം അമിതാ ഷായ്ക്കു വേണ്ടി മാറ്റിവച്ച സ്റ്റാലിന്‍, സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ബിജെപി നീറ്റില്‍ ഇളവു നല്‍കുമോ, ഹിന്ദി നിര്‍ബന്ധിതമായി നടപ്പാക്കില്ല എന്ന് ഉറപ്പുനല്‍കാന്‍ സാധിക്കുമോ, പുതിയ മണ്ഡല രൂപീകരണം വഴി തമിഴ്‌നാടിന്റെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പുനല്‍കാനാകുമോ തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നതെങ്ങനെയാണ് തെറ്റാകുന്നത്, കേന്ദ്ര സര്‍ക്കാക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഞങ്ങള്‍ക്ക് ചരിത്ര വിധി തേടി സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് തമിഴ്‌നാട് പോരാടുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി കേന്ദ്രത്തോട് യാചിക്കണമെന്നു പറഞ്ഞ മോദിയുടെ പ്രസ്താവന ഓര്‍മപ്പെടുത്തുവെന്നും ആരുടെയും കാലില്‍ വീഴുന്ന വ്യക്തിയല്ല താനെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. എഐഎഡിഎംകെ – ബിജെപി സഖ്യത്തെ തട്ടിപ്പു സഖ്യമെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഭയന്നാണ് എഐഎഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *