ബഹ്‌റൈനിലെ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 150 ടണ്ണിൽ കുറഞ്ഞ ഭാരമുള്ള എല്ലാ ചെറിയ കടൽ യാത്രക്കപ്പലുകളിലും ട്രാൻസ്‌പോണ്ടറുകൾ നിർബന്ധമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശം. ജെറ്റ് സ്‌കീകൾക്ക് ഈ നിയമത്തിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട കപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്ന ട്രാൻസ്‌പോണ്ടറുകൾ, സിഗ്‌നൽ ലഭിക്കുമ്പോൾ പ്രതികരണമായി മറ്റൊരു സിഗ്‌നൽ പുറപ്പെടുവിക്കുന്ന ഉപകരണമാണ്.
ബഹ്‌റൈൻ തുറമുഖ, സമുദ്രകാര്യ നാവിഗേഷൻ ഡയറക്ടറേറ്റിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വയർലെസ് ഉപകരണത്തിന് കോസ്റ്റ്ഗാർഡിൻറെ അംഗീകാരവും ലൈസൻസും നിർബന്ധമാണ്. കപ്പലുടമകൾ തങ്ങളുടെ കപ്പലിന്റെ ഐഡന്റിറ്റി, സ്ഥാനം, ദിശ, വേഗം തുടങ്ങിയ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ സമുദ്ര പ്രവർത്തന കേന്ദ്രത്തിലേക്ക് ഈ ഉപകരണം വഴി അയക്കേണ്ടതുണ്ട്.
ഉപകരണങ്ങളുടെ സാങ്കേതിക സവിശേഷതകളും പ്രവർത്തന പരിധിയും അനുസരിച്ച് കോസ്റ്റ്ഗാർഡ് ട്രാൻസ്‌പോണ്ടറുകളെ കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിങ്ങനെ തരംതിരിക്കും. കാറ്റഗറി ഒന്നിൽ പരിമിതമായ സവിശേഷതകളാണുള്ളത്. ഇത് രാജ്യത്തിന്റെ തീരത്തുനിന്ന് പരിമിതമായ പരിധിക്കുള്ളിൽ മാത്രമെ പ്രവർത്തിക്കൂ. കാറ്റഗറി രണ്ടിൽ കൂടുതൽ വിപുലമായ സവിശേഷതകൾ ഉണ്ടായിരിക്കും.
ജെറ്റ് സ്‌കീകൾ ഒഴികെയുള്ള എല്ലാ കപ്പലുകളിലും ഈ രണ്ട് കാറ്റഗറിയിലുള്ള ഏതെങ്കിലും ഒരു ട്രാൻസ്‌പോണ്ടർ ഘടിപ്പിച്ചിരിക്കണം. സുരക്ഷ മാനദണ്ഡങ്ങൾക്കനുസൃതമായി അംഗീകൃത പരിധിക്കുള്ളിൽ ഉപകരണം പ്രവർത്തിപ്പിക്കുകയും കപ്പലിൽ സ്ഥാപിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.ട്രാൻസ്‌പോണ്ടറുകളുടെ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും, കപ്പലുടമകൾക്ക് തങ്ങളുടെ ആവശ്യാനുസരണം ഏത് കാറ്റഗറിയിലുള്ള ഉപകരണം വേണമെങ്കിലും തിരഞ്ഞെടുക്കാം.
കോസ്റ്റ്ഗാർഡിൻറെ അനുമതിയില്ലാതെ ഒരു കപ്പലിൽനിന്ന് മറ്റൊന്നിലേക്ക് ട്രാൻസ്‌പോണ്ടർ മാറ്റാൻ നാവികർക്ക് അനുവാദമില്ല. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്‌മദ് ആൽ ഖലീഫ ഒപ്പുവെച്ച ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ബഹ്‌റൈൻ തുറമുഖ, സമുദ്രകാര്യ വകുപ്പാണ് ഈ നിയമം നടപ്പാക്കുന്നത്.
ഢ