ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ

ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ.നടി വിൻസി അലോഷ്യസിന്‍റെ പരാതിക്ക് കൊച്ചിയിലെ ഹോട്ടലിൽ പരിശോധന നടത്തുന്ന സമയത്താണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇന്നലെ രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന.

പോലീസ് സംഘം എത്തി ഷൈൻ ടോം ചാക്കോ താമസിച്ച 314ാം വാതിലിൽ മുട്ടുകയും കാളിങ് ബെൽ അടിക്കുകയും ചെയ്തപ്പോൾ ജനാലവഴിയാണ് നടൻ പുറത്തേക്ക് ചാടിയത്. രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

തുടർന്ന് ഷൈൻ ടോം ​ചാക്കോ താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെ പാലക്കാട് സ്വദേശിയായ ആൾ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.

അതേസമയം നേരത്തെ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് എത്തിയ നടൻ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *