രാഹുൽ ​ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് രാജീവ് ചന്ദ്രശേഖര്‍

ഭരണഘടന ഉയ‍ർത്തിക്കാട്ടുന്ന രാഹുൽ ​ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാ‍ർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലർന്നുള്ള വികല രാഷ്ട്രീയത്തിന്‍റെ പ്രയോക്താവെന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു.

വംശാധിപത്യത്തിന്‍റെ പിന്തുട‍ർച്ചക്കാരനായ രാഹുൽ, തന്‍റെ വിദേശ യാത്രകളിൽ ഭരണഘടനയെക്കുറിച്ച് സംസാരിക്കും. എന്നാൽ പാർലമെന്‍റില്‍ അദ്ദേ​ഹത്തിൻ്റെ പാർട്ടിയായ കോൺ​ഗ്രസ് അതിനെതിരെ നിലപാടെടുക്കും. വഖഫ് നിയമത്തിലെ സെക്ഷൻ 40 ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് വിരുദ്ധമാണ്. മുസ്ലിം സമൂഹത്തിന് കോൺ​ഗ്രസ് നല്കിയ ഈ അമിതാധികാരം ഉപയോ​ഗിച്ചാണ്, മുനമ്പത്തെയടക്കം നിസ്സഹായരായ ജനങ്ങൾ വ്യാപകമായി പീഡിപ്പിക്കപ്പെട്ടത്. അതായത്, ഭരണഘടന ഉറപ്പ് നല്കുന്ന തുല്യാവകാശം, വഖഫ് നിയമത്തിനും ബാധകമാക്കാനുള്ള വ്യവസ്ഥയ്ക്കെതിരെയാണ് രാഹുലിൻ്റെ കോൺ​ഗ്രസ് വോട്ട് ചെയ്തത്. അതാകട്ടെ മുസ്ലിം വോട്ടുകൾക്ക് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു വസ്തു, വഖഫ് സ്വത്താണോ അല്ലയോ എന്ന് തീരുമാനിക്കാൻ വഖഫ് ബോർഡിന് അധികാരം നൽകുന്നതാണ് 1995 ലെ വഖഫ് നിയമത്തിലെ സെക്ഷൻ 40. ഒരു അന്വേഷണം നടത്തിയതിനു ശേഷം ബോർഡിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയും. ട്രൈബ്യൂണൽ റദ്ദാക്കുകയോ പരിഷ്കരിക്കുകയോ ചെയ്തില്ലെങ്കിൽ ഈ തീരുമാനം അന്തിമവുമായിരിക്കും. സ്വകാര്യ സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി പ്രഖ്യാപിക്കാനും അവ പിടിച്ചെടുത്ത് സ്വകാര്യ ബിൽഡർമാർക്ക് പാട്ടത്തിന് നൽകാനും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *