മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് സിറോ മലബാർ സഭ

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി സിറോ മലബാർ സഭ. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായ പ്രതികരിച്ചതും. നിയമപോരാട്ടത്തിന് പിന്തുണ നൽകുമെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞതെന്നും കാത്തിരിക്കാൻ തയ്യാറാണ് പക്ഷേ വേഗത്തിൽ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സിറോ മലബാർ സഭാ വക്താവ് വ്യക്തമാക്കി.

രാഷ്ട്രീയ പാർട്ടികൾക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ഇക്കാര്യത്തിൽ തങ്ങൾ രാഷ്ട്രീയം കാണുന്നില്ല. സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടണം. വഖഫ് ട്രൈബ്യൂണലിൻമേൽ സംസ്ഥാന സർക്കാരിനുള്ള അധികാരം ഉപയോഗിക്കണം. ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉണ്ടാവേണ്ടതായിരുന്നു. അതായിരുന്നു തങ്ങളുടെ ആവശ്യമെന്നും സഭാ വക്താവ് പറഞ്ഞു.

മുനമ്പത്ത് മാസങ്ങളായി സമരം നടത്തുന്ന ആളുകൾ ചിലപ്പോൾ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടാവാം. അത് ഏതെങ്കിലും പാർട്ടികൾക്ക് അനുകൂലമായോ പ്രതികൂലമായോ കാണരുത്. സഭ ഇതിൽ രാഷ്ട്രീയം കാണുന്നില്ല. വഖഫ് ഭേദഗതി നിയമം മുനമ്പം പ്രശ്‌നത്തിന് പരിഹാരമല്ലെന്ന കാര്യം നിരാശയുണ്ടാക്കുന്നതാണ്. നിയമപോരാട്ടത്തിൽ പുതിയ ഭേദഗതി സഹായകമാകുമെന്നാണ് കരുതുന്നതെന്നും സിറോ മലബാർ സഭാ വക്താവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *