അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി സുരക്ഷ വർദ്ധിപ്പിൻ മുന്നറിയിപ്പ്. രാം മന്ദിർ ട്രസ്റ്റിന് ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കണം എന്നുമാണ് ഇമെയിൽ സന്ദേശം.
രാമ ജന്മഭൂമി ട്രസ്റ്റിന് തിങ്കളാഴ്ച്ച രാത്രിയാണ് സന്ദേശം ലഭിച്ചത്. തമിഴ്നാട്ടിൽ നിന്നാണ് ഇ-മെയിൽ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും സുരക്ഷയിൽ ആശങ്ക ഉന്നയിച്ച്, സുരക്ഷ വർദ്ധിപ്പിക്കാൻ ഇമെയിലൂടെ അജ്ഞാതൻ അധികൃതരോട് ആവശ്യപ്പെട്ടു. രാമജന്മഭൂമി ട്രസ്റ്റിന് പുറമേ ബരാബങ്കി, ചന്ദൗലി ജില്ലാ കലക്ടർമാർക്കും ഇ മെയിൽ ലഭിച്ചു.
തുടർന്ന് പ്രദേശത്തെ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് ഇ മെയിൽ അയച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. അയോധ്യയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. സുരക്ഷാ സേന പ്രദേശമാകെ അരിച്ചുപെറുക്കി സമഗ്രമായ തെരച്ചിൽ ആരംഭിച്ചു.