വയനാട്ടില്‍ ആദിവാസി യുവാവ് മാനു കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട് മാസമായിട്ടും സർക്കാർ കുടുംബത്തിന് സഹായധനം കൈമാറിയില്ല. മാനു കാട്ടാന ആക്രമണത്തില്‍ മരിച്ചതോടെ ഇപ്പോൾ ഭാര്യ ചന്ദ്രികയും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളും മാത്രമാണ് ഉള്ളത്. വയനാട് വന്യജീവിസങ്കേതത്തിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളുംവാങ്ങി വരുന്നവഴിയിലായിരുന്നു ആന ആക്രമിച്ചത്. നൂല്‍പ്പുഴ കാപ്പാട് വച്ചാണ് കാട്ടാന ആക്രമിച്ചത്. തുടർച്ചയായ വന്യജീവി ആക്രമങ്ങള്‍ നേരിടുന്ന സ്ഥലത്ത് മാനുവിന്‍റെ മരണത്തിന് പിന്നാലെ പ്രതിഷേധം ഉയർന്നിരുന്നു. സഹായധനം ഉടൻ കൈമാറാമെന്ന ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.
മാനു മരിച്ചപ്പോള്‍ പത്ത് ലക്ഷമാണ് സഹായധനമായി കിട്ടേണ്ടിയിരുന്നത്. എന്നാല്‍ സർക്കാർ കൊടുത്തത് വെറും പതിനായിരം രൂപ മാത്രമെന്നാണ് റിപ്പോർട്ട്. ബാക്കി പണം നല്‍കാൻ ഇവർക്ക് രേഖകളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.