നടൻ സലിം കുമാറിന്റെ പൊതുവേദികളിലെ ചില പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കാറുണ്ട്. കോഴിക്കോട് ഒരു പൊതുവേദിയിൽ വച്ച് പെൺകുട്ടികൾക്കെതിരെ സലിം കുമാർ നടത്തിയ പരാമർശമാണിപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. “ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെ എത്തുന്ന നേരം റോഡിലൂടെ പോവുന്ന പെൺകുട്ടികൾ മുഴുവൻ മൊബൈൽ ഫോണിലൂടെ സംസാരിച്ചാണ് പോവുന്നത്. നിങ്ങൾ നാളെത്തൊട്ട് ശ്രദ്ധിച്ചോ. ഒരു പെൺകുട്ടി പോലും മൊബൈൽ ഫോണിൽ സംസാരിക്കാതെ പോവുന്നില്ല. ഇന്ത്യ ഭരിക്കുന്ന മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്. ഇവരെന്താണ് ഈ പറയുന്നത്.
പഠിക്കുന്ന പിള്ളേരാണ്… ഒരാളാണെങ്കിൽ വിചാരിക്കാം, ഒരാളല്ലേ എന്ന്… ഞാനെല്ലാം ചെക്ക് ചെയ്തു. വരുന്ന സകല പിള്ളേരും ശ്രദ്ധിക്കുന്നേയില്ല. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്. ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചു കൊണ്ടുപോവുകയാണ്. അപ്പോൾ നമ്മുടെ തലമുറയെ സംസ്‌കാരം എന്തെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ ആളുകൾക്ക് കേരളത്തോടൊക്കെ പരമ പുച്ഛമാണ്. അവർക്ക് ഇവിടം വിട്ടുപോവാനാണ് താത്പര്യം.പഠിക്കുന്ന എല്ലാവരുടേയും ലക്ഷ്യം യുകെ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാനാണ്. സ്വന്തം നാട്ടിൽ നിൽക്കാൻ താത്പര്യമില്ല. കുറച്ച് കാലം കഴിയുമ്പോൾ നല്ല വിത്തുകളൊന്നും ഈ നാട്ടിൽ ഉണ്ടാവില്ല. ആ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്”. -സലിം കുമാർ പറഞ്ഞു.
“സകലമാന കുട്ടികളും ഏകദേശം അമ്പത് ശതമാനം കുട്ടികളും മയക്കു മരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു. അമ്പത് ശതമാനം, അല്ലാത്തവൻമാരൊക്കെ നാട്ടിൽ നിന്ന് പോവുകയും ചെയ്യുന്നു. നല്ല വിത്തുകളൊന്നും കുറച്ചു കാലം കഴിയുമ്പോൾ ഇവിടെയുണ്ടാകില്ല. ആ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മ കൊച്ചിന്റെ ദേഹത്ത് എംഡിഎംഎ പായ്ക്കറ്റാക്കി ഒട്ടിച്ചു വിടുകയാണ്, വിൽക്കാൻ വേണ്ടി. അതുവരെയെത്തി നമ്മുടെ കേരളം”.- സലിം കുമാർ വ്യക്തമാക്കി.