ദുബായ് – കാസർഗോഡ് ജില്ലാ കെഎംസിസി ‘ഹല ഈദ് സംഗമം’: ലഹരിവിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം

കാസർഗോഡ് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ഈദുൽ ഫിത്വർ ദിനത്തിൽ ദേര ബനിയാസ് പേൾ ക്രീക്ക് ഹോട്ടലിൽ ‘ഹല ഈദ് സംഗമം’ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. നാട്ടിലെ സമാധാനത്തിനും സുരക്ഷിത ജീവിതത്തിനും വെല്ലുവിളിയായി മാറിയ മയക്കുമരുന്ന്, ലഹരി തുടങ്ങിയ വിപത്തുകൾക്കെതിരായ പോരാട്ടത്തിന് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മയക്കുമരുന്നിനെതിരെ നാമോരോരുത്തരും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. സ്വന്തം വീടുകളിൽ നിന്ന് ലഹരി വിരുദ്ധ പോരാട്ടം ആരംഭിക്കണമെന്നും, ഇനിയും വൈകിയാൽ അനന്തര ഫലം കൂടുതൽ ദുരന്തപൂർണമായി മാറുമെന്നും യു.എ.ഇ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ പറഞ്ഞു.

മയക്കുമരുന്നിനും മറ്റു ലഹരി വസ്തുക്കളുടെ വ്യാപനത്തിനുമെതിരെ ശക്തമായ നിയമങ്ങൾ നടപ്പാക്കുകയാണ് വേണ്ടതെന്നും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ മാതൃകാപരമാണെന്നും ദുബായ് കെഎംസിസി പ്രസിഡന്‍റ് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിനും തൊഴിൽ നേടുന്നതിനും അപേക്ഷിക്കുന്നവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് രക്തപരിശോധന നിർബന്ധമാക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തണമെന്നും ഡോ. അൻവർ അമീൻ ആവശ്യപ്പെട്ടു.

ഇത്തരം സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി അത് വിജയിപ്പിക്കാൻ ജില്ലാ കെഎംസിസിക്ക് കഴിയുമെന്ന് ദുബായ് കെഎംസിസി ജന.സെക്രട്ടറി യഹ്‌യ തളങ്കര പറഞ്ഞു.

മാധ്യപ്രവർത്തകൻ റോയ് റാഫേൽ ഈദ് സന്ദേശം നൽകി. പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ മുനീർ അൽ വഫ, സംസ്ഥാന ഭാരവാഹികളായ അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്‌സൽ മെട്ടമ്മൽ, പി.വി. നാസർ, കെ.പി.എ. സലാം, അബ്ദുൽ സമദ്, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, ഷഫീഖ് തിരുവനന്തപുരം, മാധ്യമ പ്രവർത്തകരായ ജലീൽ പട്ടാമ്പി, എൻ.എ.എം. ജാഫർ, മുംബൈ ജമാഅത്ത് പ്രതിനിധി ടി.എ. ഖാലിദ്, പുന്നക്കൻ മുഹമ്മദലി, റാഫി പള്ളിപ്പുറം, ഹംസ മധൂർ, അബ്ദുല്ല സ്പിക്ക്, സമീർ ബെസ്റ്റ് ഗോൾഡ്, അഷറഫ് ബോസ്സ്, മജീദ് കോളിയാട് എന്നിവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി ബഷീർ പാറപ്പള്ളി ഖിറാഅത്ത് നിർവഹിച്ചു. ജന.സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതവും ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *