ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. സുപ്രീംകോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകാരിച്ചു. യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ കേസിനെ തുടർന്നാണ് നടപടി എടുത്തത്. നേരത്തെ, കൊളീജിയം ശുപാർശക്കെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ സമരം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ കൊണ്ടുവന്നു തള്ളാൻ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്ന് പറഞ്ഞുകൊണ്ടാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാൽ, എതിർപ്പ് അവഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം സ്ഥലം മാറ്റാൻ ശുപാർശ ചെയ്തത്. രണ്ടുതവണ യോഗം ചേർന്ന ശേഷമാണ് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് വർമയുടെ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തത്. വർമയുടെ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ വ്യാഴാഴ്ച ആദ്യ യോഗം ചേർന്ന കൊളീജിയം തിങ്കളാഴ്ച വീണ്ടും യോഗം ചേരുകയായിരുന്നു.