പെരുന്നാളിനോടനുബന്ധിച്ച് മസ്‌കത്ത് -കേരള സെക്ടറിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി വിമാന കമ്പനികൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന സന്തോഷത്തിലാണ് ഒമാനിലെ പ്രവാസി മലയാളികൾ. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ 50 റിയാലിൽ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.
മുൻ വർഷങ്ങളിൽ മൂന്ന് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയർന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിൽ ഇത്തവണ താരതമ്യേന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. മസ്‌കത്തിൽനിന്ന് കോഴിക്കോട്ടേക്കാണ് നിരക്ക് കുറവുള്ളത്. നിരക്ക് കൂടുതൽ തിരുവനന്തപുരത്തേക്കുമാണ്. സലാലയിൽ നിന്നുള്ള നിരക്കുകളിലും ഇത്തവണ വലിയ വർധനയില്ല.
മാർച്ച് 30, 31 തീയതികളിലാണ് പെരുന്നാൾ ആവാൻ സാധ്യതയുള്ളത്. മാർച്ച് 29ന് എയർ ഇന്ത്യ എക്സ്പ്രസിൽ മസ്‌കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 59 റിയാലിന് ടിക്കറ്റ് ലഭിക്കും. മാർച്ച് 30ന് 40 റിയാലാണ് നിരക്ക്. കൊച്ചിയിലേക്ക് മാർച്ച് 29ന് 52 റിയാലാണ് നിരക്ക്. 30ന് 44 റിയാലിനും ടിക്കറ്റുണ്ട്. മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ മാർച്ച് 27ന് 44 റിയാലിനും 30ന് 35 റിയാലും മാത്രമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറിൽ 28ന് 69 റിയാലും 29, 30 തീയതികളിൽ 62 റിയാലുമാണ് നിരക്ക്. പെരുന്നാളിന് പിന്നാലെയുള്ള ദിവസങ്ങളിലും ടിക്കറ്റ് നിരക്ക് വീണ്ടും കുറയുമെന്നും വെബ്സൈറ്റുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യൻ സ്‌കൂളുകളിൽ ഏപ്രിൽ ആദ്യ വാരത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കുന്നതിനാൽ പെരുന്നാളിന് നാട്ടിൽ പോവുന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. ജൂണിൽ സ്‌കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് പറക്കാൻ കാത്തിരിക്കുകയാണ് ഭൂരിഭാഗം പേരും. ഇതും പെരുന്നാളിന് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാണ്.