സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന സ്ഥിരീകരണവുമായി എച്ച്എസ്ബിസി.മെസ്സി ഉൾപ്പെടുന്ന അർജന്റീനാ ടീം ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അർജന്റീനാ ടീം കേരളത്തിലെത്തുമെന്നും രണ്ട് സൗഹൃദമത്സരങ്ങൾ കളിക്കുമെന്നും കഴിഞ്ഞവർഷം നവംബറിൽ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചിരുന്നു.
എച്ച്എസ്ബിസിയാണ് അർജന്റീനാ ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാർ.2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അന്തിമ ഘട്ടത്തിൽ നിൽക്കേ, 2025-ലെ ഇന്ത്യയിലും സിങ്കപ്പുരിലമായി നടക്കേണ്ട മത്സരങ്ങളുമായി ബന്ധപ്പെട്ട ഒരു വർഷ പങ്കാളിത്ത കരാർ ഇന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ചേർന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ വേദി കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിൽവെച്ചായിരിക്കും മത്സരങ്ങളെന്നാണ് ഏകദേശ ധാരണ.
14 വർഷങ്ങൾക്കുശേഷമാണ് മെസ്സി വീണ്ടും ഇന്ത്യ സന്ദർശിക്കുന്നത്. 2011 സെപ്റ്റംബറിൽ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി മെസ്സി ഉൾപ്പെടുന്ന അർജന്റീനാ ടീം ഇന്ത്യയിലെത്തിയിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരേ നടന്ന ആ മത്സരത്തിൽ അർജന്റീന ഗോളിന് ജയിച്ചു.