ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ചിത്രമാണ് ‘എമര്‍ജന്‍സി’. അടുത്തിടെയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമയുടെ ഓസ്‌കര്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ആരാധകന്‍ പങ്കുവെച്ച അഭിപ്രായത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി.
എമര്‍ജന്‍സി ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ എന്‍ട്രി പട്ടികയില്‍ ഉണ്ടാകണമെന്നാണ് ആരാധകന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചത്. ചിത്രം ഗംഭീരമാണെന്നും ആരാധകന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞ് നടി രംഗത്തെത്തിയത്. ഓസ്‌കര്‍ എന്‍ട്രിയെന്ന ആരാധകന്റെ ആവശ്യത്തെ തള്ളിക്കൊണ്ടാണ് നടി പ്രതികരിച്ചത്. വികസ്വര രാജ്യങ്ങളെ അടിച്ചമര്‍ത്തുന്ന, ഇകഴ്ത്തിക്കാട്ടുന്ന അവരുടെ യഥാര്‍ഥമുഖം അംഗീകരിക്കാന്‍ അമേരിക്ക തയ്യാറാവില്ല. അതാണ് എമര്‍ജന്‍സിയില്‍ തുറന്നുകാട്ടുന്നത്. അവര്‍ അവരുടെ നിസാരമായ അവാര്‍ഡ് കയ്യില്‍വെച്ചോട്ടെ. ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുകളുണ്ട്. – ആരാധകന്റെ അഭിപ്രായത്തോട് നടി പ്രതികരിച്ചു.
സിനിമയെ ആദ്യഘട്ടത്തില്‍ തെറ്റായാണ് വിലയിരുത്തിയതെന്ന് നേരത്തേ സംവിധായകന്‍ സഞ്ജയ് ഗുപ്ത പറഞ്ഞിരുന്നു. തന്റെ മുന്‍വിധികള്‍ തെറ്റായിരുന്നുവെന്നും എമര്‍ജന്‍സി മികച്ച സിനിമയാണെന്നുമാണ് സഞ്ജയ് ഗുപ്ത പറഞ്ഞത്. കങ്കണയുടെ പ്രകടനവും സംവിധാനവും മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നന്ദി അറിയിച്ച് കങ്കണ രംഗത്തെത്തുകയും ചെയ്തിരുന്നു. രാജ്യത്തെ 21 മാസത്തെ അടിയന്തരാസ്ഥ പ്രമേയമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ സംവിധാനവും തിരക്കഥയും കങ്കണയാണ് നിര്‍വഹിച്ചത്. ജനുവരി 17നാണ് ചിത്രം റിലീസ് ചെയ്തത്.