കേരളത്തില്‍ കനത്ത ചൂട് തുടരുന്നു; പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു

കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടയിൽ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. രണ്ടിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടിരിക്കുന്നത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. അതുപോലെ പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ടാണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്.

കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലാണ് രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. വിളപ്പില്‍ശാല, ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി എന്നിവടങ്ങളിള്‍ ആറ് മുതല്‍ 7 വരെയാണ് അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മടം, കാസര്‍കോട് പ്രദേശങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക ഗുരുതരമായേക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറയിപ്പില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *