മറ്റുരാഷ്ട്രീയ താത്പര്യങ്ങള്‍ ഈ വിഷയത്തില്‍ കലര്‍ത്തരുത്, ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകും; റിയാസ്

ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ അതോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ വിഷയത്തില്‍ മറ്റു രാഷ്ട്രീയ താത്പര്യങ്ങള്‍ കലര്‍ത്തരുതെന്നും ഇതില്‍ ഒരു രാഷ്ട്രീയമേയുള്ളൂവെന്നും അത് ലഹരിയെ തുരത്തുക എന്ന രാഷ്ട്രീയമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കളമശ്ശേരി പോളിടെക്‌നിക്ക് കോളേജില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ലഹരിക്കെതിരേ എല്ലാവരെയും യോജിപ്പിച്ച് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരുതരത്തിലും തെറ്റായ പ്രവണതയോട് സന്ധിചെയ്ത് പോകാനാകില്ല. ചിലരുടെ താത്പര്യം കണ്ടാല്‍ ലഹരി ഇല്ലാതാക്കലാണോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപോകും.

എല്‍ഡിഎഫായാലും യുഡിഎഫായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരേ നിലപാട് സ്വീകരിക്കുന്നവരാണ്. ഏതെങ്കിലും പ്രത്യേക മുന്നണിക്ക് ലഹരി വ്യാപകമാകണമെന്ന് ആഗ്രഹമില്ല. യുവജന വിദ്യാര്‍ഥി സംഘടനകളെ പരിശോധിച്ചാലും ലഹരിക്കെതിരെ നല്ലനിലയില്‍ തുടര്‍ച്ചയായ ക്യാമ്പയിനുകള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

എസ്എഫ്‌ഐ ലഹരിക്കെതിരേ തുടര്‍ച്ചയായ ക്യാമ്പയിന്‍ സംഘടിപ്പിച്ചുവരുന്ന സംഘടനയാണ്. അങ്ങനെയൊരു സംഘടന ഇത്തരത്തില്‍ ഇടപെടുമ്പോള്‍ വിദ്യാര്‍ഥിസംഘടനകള്‍ എല്ലാവരും കൈകോര്‍ത്ത് ഇതില്‍ ഇടപെടുകയും സര്‍ക്കാരിനൊപ്പം നിലകൊള്ളുകയും ചെയ്യണം. അത്തരമൊരു ഘട്ടത്തില്‍ ലഹരിയെ ഒതുക്കലല്ല എസ്എഫ്‌ഐയെ ഒതുക്കലാണ് അജണ്ട എന്ന് തോന്നുന്നനിലയില്‍ ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ജനം മനസിലാക്കും. ജനം അത്തരം കാര്യങ്ങളില്‍ നിലപാട് സ്വീകരിക്കും.

ലഹരിയാണോ എസ്എഫ്‌ഐയാണോ അവരുടെ പ്രശ്‌നമെന്ന് അങ്ങനെ പറയുന്നവര്‍ നയം വ്യക്തമാക്കണം. ലഹരി ഇല്ലാതാക്കലാണോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോ അവരുടെ മുഖ്യഅജണ്ട? ഞങ്ങള്‍ക്ക് ഒറ്റ അജണ്ടയേയുള്ളൂ. എല്ലാവരും ഒന്നിച്ചുനില്‍ക്കണം. ലഹരി ഇല്ലാതാക്കണം. ഇതിന്റെ സ്രോതസ്സ് കണ്ടെത്തണം. നിലവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് പോലെ കര്‍ക്കശ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണം.

ഇതിന്റെ പേരില്‍ കോണ്‍ഗ്രസാണ് കേരളത്തിലെ ലഹരി ഏജന്റെന്ന് പറയാനാണോ ഏതെങ്കിലും യുവജനവിദ്യാര്‍ഥി സംഘടനയാണ് ലഹരിയുടെ ഹോള്‍സെയില്‍ ഏജന്റുമാരെന്ന് പറയാനോ അല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതല്ല ഞങ്ങളുടെ ലക്ഷ്യം. ഇതൊരു സാമൂഹികപ്രശ്‌നമാണ്. എല്ലാവരും ഒന്നിച്ചുപോകണം.

നല്ലനല്ല മനുഷ്യര്‍ ഇതിന് അടിമപ്പെട്ടതിന്റെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന് കാണുന്നില്ലേ. അങ്ങനെ അടിമപ്പെടുന്നവരുടെ ജീവിതം വ്യത്യസ്തമായി മാറുന്നു. അതുമാത്രമല്ല അവരുടെ ചുറ്റും ജീവിക്കുന്ന മനുഷ്യരിലേക്ക് ഇത് ബാധിക്കുകയും പകരുകയുംചെയ്യുന്നു. മുഖംനോക്കാത്ത, ബന്ധംനോക്കാത്ത നിലപാടുകള്‍ വരുന്നത് നമ്മള്‍ കാണുന്നില്ലേ. അച്ഛനെ കൊല്ലുന്നു, അമ്മയെ കൊല്ലുന്നു, ആക്രമിക്കുന്നു. വല്ലാത്ത അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തുകയല്ലേ. ഇതൊരു സാമൂഹികപ്രശ്‌നമാണ്. ഇതിനെ നേരിടേണ്ടത് സാമൂഹികമായിട്ടാണ്. എല്ലാവരും ഒന്നിച്ചിട്ടാണ്. അതിന് പകരം കുത്തിത്തിരിപ്പുണ്ടാക്കി ലഹരിയല്ല പ്രശ്‌നം, എസ്എഫ്‌ഐയാണ് പ്രശ്‌നം, അല്ലെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രശ്‌നം എന്നനിലയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം ജനം മനസിലാക്കുന്നുണ്ട്. അതിന് ആരും നില്‍ക്കരുത്. അങ്ങനെ ശ്രമം നടത്തുന്ന പ്രസ്ഥാനങ്ങളിലെ പക്വതയുള്ള സാമൂഹികപ്രതിബദ്ധതയുള്ള വിശാലമനസ്സുള്ള നേതാക്കന്മാര്‍ തന്നെ ഇത്തരം തെറ്റായ നിലപാട് സ്വീകരിക്കുന്നവരെ തിരുത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.

എസ്എഫ്‌ഐയെ പിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നവര്‍ എസ്എഫ്‌ഐ രൂപംകൊണ്ട അന്നുമുതലേയുള്ളവരാണ്. അവരുടെ പിന്മുറക്കാരാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത്. ലഹരി പോലെയുള്ള പ്രശ്‌നം വരുന്നതിന് മുന്‍പ് തന്നെ എസ്എഫ്‌ഐയെ പിരിച്ചുവിടണമെന്ന് ആഗ്രഹിച്ചവരാണ് അവര്‍. അതിന്റെ ഭാഗമായി എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കാണാതെ പോകരുത്.

ലഹരിപോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം യുഡിഎഫാണ് എന്ന് ഞാന്‍ പറയുന്നതെങ്കില്‍ അത് എത്ര അപക്വമാണ്. അങ്ങനയല്ലല്ലോ നിലപാട് സ്വീകരിക്കേണ്ടത്.

ഇന്ന് പെട്ടെന്ന് പണം ഉണ്ടാക്കാനായി ആളുകള്‍ ഇതിന്റെ ഭാഗമാകുന്നു. അപകടകരമായ ഒരുവര്‍ഗം ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നു. മഹാനായ ലെനിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ എ ഡെയ്ഞ്ചറസ് ക്ലാസ്, ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരികയാണ്. എല്ലാവരും ഇതിനെതിരേ ഒരുമിച്ചുനില്‍ക്കണം. മറ്റുരാഷ്ട്രീയ താത്പര്യങ്ങള്‍ കലര്‍ത്തരുത്. ഇതില്‍ ഒരു രാഷ്ട്രീയമേയുള്ളൂ. അത് ലഹരിയെ തുരത്തുക എന്ന രാഷ്ട്രീയമാണ്. അതിനായി എല്ലാവരും ഒന്നിക്കുകയാണ് ചെയ്യേണ്ടത്”, മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *