വരണമെന്നു കരുതിയതല്ല, ക്ഷണിച്ചോ എന്നു ചോദിച്ചാല്‍ ക്ഷണിച്ചിട്ടില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്മരണത്തിന്റെ ഭാഗമായ പരിപാടിയിലായിരുന്നു സുധാകരന്റെ പരിഭവം പറച്ചില്‍.

”ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല, ഇങ്ങനെയൊരു മീറ്റ്ങ് ഉണ്ടെന്ന ഇന്നലെ വിളിച്ചു പറഞ്ഞു, അതു ക്ഷണം ആവില്ലല്ലോ” -കോണ്‍ഗ്രസ് നേതാവായിരുന്ന കെ സാദിരിക്കോയയുടെ അനുസ്മരണത്തിന്റെ ഭാഗമായി, സംഘടിപ്പിച്ച കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണ ചടങ്ങലേക്ക് എത്തിയ സുധാകരന്‍ പറഞ്ഞു. ”വരണമെന്നു കരുതിയതല്ല. ഇവിടേക്കുള്ള വരവ് യാദൃച്ഛികമാണ്. ക്ഷണിച്ചോ എന്നു ചോദിച്ചാല്‍ ക്ഷണിച്ചിട്ടില്ല. ഞാനിങ്ങോട്ടു പോന്നു. കോഴിക്കോട് എത്തിയപ്പോള്‍ ജയന്തിനെ കിട്ടി. ജയന്തിനോടൊപ്പം ഇങ്ങോട്ടു പോന്നു. ഇന്നലെ രാത്രി അനില്‍ ഇന്നലെ രാത്രി വിളിച്ചിട്ടു പറഞ്ഞു, നാളെ ഇങ്ങനെയൊരു മീറ്റിങ് ഉണ്ട് എന്ന്. അത്രയൊക്കെയേ ഉള്ളൂ. അതു ക്ഷണം ആവില്ലല്ലോ. കുറ്റം പറയുന്നില്ല. ഇത്രയും വലിയ യോഗത്തിലേക്കു കടന്നു വരിക എന്നത് സന്തോഷമുള്ള കാര്യമാണ്, ക്ഷണിച്ചാലും ക്ഷണിച്ചില്ലെങ്കിലും. നിങ്ങളെ ഇങ്ങനെ കിട്ടാനാണ് ഞാനൊക്കെ പട്ടി ഓടുന്നതു പോലെ ഓടിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെ ഓടുന്നത് നിങ്ങളെ ഇങ്ങനെ ഒരുമിപ്പിക്കാനല്ലേ. അങ്ങനെയൊരു അവസരം ഒരു മുതല്‍ മുടക്കുമില്ലാതെ കിട്ടിയിരിക്കുകയാണ്. അതിനു നന്ദി പറയാനാണ് ഇവിടെ എനിക്കു താത്പര്യം”- സുധാകരന്‍ പ്രസംഗത്തില്‍ പറഞ്ഞു.

കോഴിക്കോട് ഡിസിസി തയ്യാറാക്കിയ പ്രചാരണ ബോര്‍ഡുകളിലും നോട്ടീസിലും കെ സുധാകരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ സുധാകരന്‍ വരുന്നുണ്ടെന്നറിഞ്ഞ്, പരിപാടി തുടങ്ങിയ ശേഷം തയ്യാറാക്കി വിതരണം ചെയ്ത അജന്‍ഡയില്‍ മുഖ്യപ്രഭാഷകനായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. അവാര്‍ഡ് വിതരണത്തിനെത്തിയ കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് കെ സുധാകരന്‍ വേദിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *