കേന്ദ്രം 2,152 കോടിരൂപ അനുവദിക്കാതെ വഞ്ചിച്ചു; രൂക്ഷ പരാമർശങ്ങളുമായി തമിഴ്‌നാടിന്റെ ബജറ്റ്

കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ പരാമര്‍ശങ്ങളുമായി തമിഴ്‌നാടിന്റെ സംസ്ഥാന ബജറ്റ്. സമഗ്ര ശിക്ഷാ പദ്ധതി പ്രകാരമുള്ള 2,152 കോടിരൂപ തരാതെ കേന്ദ്രം തമിഴ്‌നാടിനെ വഞ്ചിച്ചുവെന്ന് ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി തങ്കം തെന്നരസ് ആരോപിച്ചു. സംസ്ഥാനം, ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എന്‍ഇപി) ഉയര്‍ത്തിയ എതിര്‍പ്പ് പിന്‍വലിക്കാതെ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള ശമ്പളവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആവശ്യമായ പണം തമിഴ്‌നാട് സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. സമഗ്രശിക്ഷാ പദ്ധതിക്ക് കീഴില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ കഴിഞ്ഞ ഏഴുകൊല്ലമായി തമിഴ്‌നാട് വിജയകരമായി നടപ്പാക്കിവരികയാണ്. എന്നാല്‍, ഇക്കൊല്ലം ത്രിഭാഷാനയത്തെ പ്രോത്സാഹിപ്പിക്കുന്ന എന്‍ഇപി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2,152 കോടിരൂപ അനുവദിക്കാതെ വഞ്ചിച്ചു. അതിനാല്‍ സംസ്ഥാനം സ്വന്തം ഫണ്ട് അനുവദിക്കുകയാണ്, മന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിന്റെ ദ്വിഭാഷാ നയത്തെ ന്യായീകരിച്ച മന്ത്രി, തമിഴ്ക്കാര്‍ രാജ്യാന്തര നേട്ടങ്ങള്‍ കൈവരിക്കാന്‍ അത് നിര്‍ണായകമായെന്നും ചൂണ്ടിക്കാണിച്ചു. തമിഴ്‌നാടിന്റെ വികസനത്തിനും ദ്വിഭാഷാനയം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റ് സമ്മേളനം ബിജെപി ബഹിഷ്കരിക്കുകയും എഐഎഡിഎംകെ സഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡു (ടാസ്മാക്) മായി ബന്ധപ്പെട്ട നാല്‍പ്പതിനായിരം കോടിരൂപയുടെ അഴിമതി ആരോപണം വെള്ളിയാഴ്ച ഉന്നയിക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് എഐഎഡിഎംകെ സഭ വിട്ടിറങ്ങിയത്.

സംസ്ഥാന ബജറ്റിന്റെ ലോഗോയില്‍നിന്ന് രൂപയുടെ ചിഹ്നം സർക്കാർ ഒഴിവാക്കിയത് വിവാദമായിരുന്നു. ബജറ്റിനുമുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുറത്തിറക്കിയ ലോഗോയില്‍ രൂപയുടെ ഔദ്യോഗിക ചിഹ്നത്തിനുപകരം തമിഴില്‍ ‘രൂ’ എന്നാണെഴുതിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *