ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം

എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപകീര്‍ത്തിപ്പെടുത്തി എന്നാണ് കെ സി വേണുഗോപാലിന്റെ പരാതി.

ഹര്‍ജിയില്‍ പരാതിക്കാരന്റെ ഭാഗവും തെളിവുകളും പരിശോധിച്ച ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഷാന ബീഗമാണ് മാനനഷ്ടക്കേസില്‍ നടപടി ആരംഭിക്കാന്‍ നിര്‍ദേശിച്ചത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ബിജെപി നേതാവ് തെറ്റായ പ്രസ്താവനകള്‍ നടത്തിയെന്നാണ് കെ സി വേണുഗോപാലിന്റെ പരാതിയിലെ ആരോപണം.പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ നേരത്തെ ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിനോട് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഈ വിഷയത്തില്‍ നേരത്തെ ആലപ്പുഴ സൗത്ത് പോലീസിലും കെ സി വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരെ പരാതി നല്‍കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ നേരിട്ട് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. കെ സി വേണുഗോപാലിന് വേണ്ടി അഭിഭാഷകരായ മാത്യു കുഴല്‍നാടന്‍, ആര്‍. സനല്‍ കുമാര്‍, കെ. ലാലി ജോസഫ് എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *