ഇഫ്താറിൽ മുസ്‌ലിംകളെ അപമാനിച്ചെന്ന് നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി

റമദാനിലെ ആദ്യ വെള്ളിയാഴ്ച നടനും ടി.വി.കെ അധ്യക്ഷനുമായ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറിൽ മുസ്‌ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

മദ്യപാനികൾ, റൗഡികൾ തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തെന്നാണ് ചെന്നൈ പോലീസ് കമീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സൗഹാർദം വളർത്താൻ ഉദ്ദേശിച്ചുള്ള ഇഫ്താർ സമൂഹത്തെ മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല ഇതിൽ ഖേദം പ്രകടിപ്പിക്കാത്ത നടന്‍റെ നടപടി മതവികാരങ്ങളോടുള്ള ബഹുമാനത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.

വിജയ്‌യുടെ ആദ്യ രാഷ്ട്രീയ സംസ്ഥാന സമ്മേളനത്തിലെ മോശം സംഘാടനവും അന്ന് വെള്ളം ലഭിക്കാതെ നിരവധിപേർക്ക് നിർജലീകരണം സംഭവിച്ചതിനും സമാനമായി ഇഫ്താർ പരിപാടിയിലും സമാനമായ അശ്രദ്ധ ഉണ്ടായി. ആളുകളോട് അനാദരവോടെയാണ് പെരുമാറിയത്. പ്രാദേശികമായ അറിവില്ലാത്തെ വിദേശ സുരക്ഷാ ഗാർഡുകളെയാണ് പരിപാടി നിയന്ത്രിക്കാൻ ഏൽപ്പിച്ചത്. പബ്ലിസിറ്റിക്ക് വേണ്ടിയല്ല തങ്ങളുടെ പരാതിയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടി അനിവാര്യമാണെന്നും പരാതിയിൽ പറയുന്നു.

വെള്ള തൊപ്പിയണിഞ്ഞ് നോമ്പുതുറക്കെത്തിയ വിജയ് വിശ്വാസികൾക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മൂവായിരത്തോളം പേർ ഇഫ്താറിൽ പങ്കെടുത്തതായാണ് വിവരം. പതിനഞ്ചോളം പള്ളികളിലെ ഇമാമുമാർക്കും ക്ഷണമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *