കൽപന ചോദിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി; മുൻ ഭർത്താവിന്റെ വെളിപ്പെടുത്തൽ

മുൻ ഭാര്യയും നടിയുമായ കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് സംവിധായകൻ അനിൽ. ‘അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. കല്യാണം ആലോചിക്കുകയാണോയെന്ന് കൽപന ചോദിച്ചു. അതേയെന്ന് പറഞ്ഞു. കൽപനയങ്ങ് പോയി.

അന്ന് മൊബൈൽ ഫോണൊന്നുമില്ല. കമ്മ്യൂണിക്കേഷനും എളുപ്പമല്ല, അവർ വേറെ ഹോട്ടലിലാണ് താമസിക്കുന്നത്. അടുത്ത ദിവസം കാഷ്വലായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കും വീട്ടിൽ കല്യാണം നോക്കുന്നുണ്ടെന്ന് കൽപന പറഞ്ഞു. ഞാനത് കേട്ട്, വിട്ടു. പിന്നീട് കൈ കഴുകാൻ ചെന്നപ്പോൾ എന്നെ കല്യാണം കഴിക്കാമോയെന്ന് കൽപന ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്. അതുവരെ എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഇങ്ങനെ ചോദിച്ചിട്ടില്ല.

സാധാരണ എന്നെ പെൺപിള്ളേരൊന്നും നോക്കാറില്ല. കോളേജിൽ പഠിക്കുമ്പോഴൊക്കെ എന്താ ഒരു പെണ്ണും എന്നെ നോക്കാത്തതെന്ന് ആലോചിക്കാറുണ്ടായിരുന്നു. ആദ്യമായിട്ടാണ് എന്നെ കല്യാണം കഴിക്കാമോയെന്ന് ഒരാൾ ചോദിക്കുന്നത്. അതിനകത്ത് മൊത്തത്തിൽ ഞാൻ വീണുപോയി.’- അനിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *