ഒയാസിസ് മദ്യകമ്പനിയിൽ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങി; തെളിവ് പുറത്തുവിടാൻ വെല്ലുവിളിച്ച് സിപിഎം

പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണവുമായി ബിജെപി രംഗത്ത്. ഒയാസിസ് മദ്യകമ്പനിയിൽ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും കോടികള്‍ വാങ്ങിയെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. എലപ്പുള്ളിയിലെ വിവാദമായ ഒയാസിസ് കമ്പനി സിപിഎമ്മിന് രണ്ട് കോടി സംഭാവന നൽകി. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിക്കുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം, കൃഷ്ണകുമാറിന്‍റെ ആരോപണം തള്ളി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തി.

സിപിഎം പുതുശേരി ഏരിയയിലെ മുൻ സെക്രട്ടറിക്ക് കൈക്കൂലിയായി കമ്പനി നൽകിയത് ഇന്നോവ ക്രിസ്റ്റ കാറാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. പാലക്കാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് ഒരു കോടി സംഭാവന നൽകി. ജില്ലയിലെ കോൺഗ്രസിന്‍റെ നേതാവിന്  25 ലക്ഷം രൂപ വ്യക്തിപരമായും നൽകിയിട്ടുണ്ടെന്നും ആരോപിച്ചു. അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ ആരിൽ നിന്നാണ് സ്വീകരിച്ചത്? എന്തിനു സ്വീകരിച്ചുവെന്ന് ഇരുപാർട്ടികളും വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

അതേസമയം, ബിജെപി ആരോപണത്തിന് മറുപടിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു രംഗത്തെത്തി.സിപിഎമ്മിന് ഒരു അക്കൗണ്ടേയുള്ളുവെന്നും അത് ആർക്കും പരിശോധിക്കാമെന്നും പാർട്ടി അംഗങ്ങൾ വാഹനം വാങ്ങുമ്പോള്‍ അതിൻ്റെ ഉറവിടം വെളിപ്പെടുത്തണമെന്നും അതാണ് സിപിഎം സംഘടനാ തത്വമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.വഴിവിട്ട മാർഗത്തിലൂടെ സമ്മാനങ്ങൾ വാങ്ങിയാൽപോലും അത് പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും കമ്പനിക്ക് സിപിഎമ്മിനെ സ്വാധീനിക്കാനാവില്ല.

രാജ്യം വിറ്റുതുലയ്ക്കുന്ന പാർട്ടിയാണ് സിപിഎമ്മിനെതിരെ വരുന്നത്. കൃഷ്ണകുമാർ ആരോപണമുന്നയിക്കുന്നത് അദ്ദേഹത്തിൻ്റെ മനോനില വെച്ചാണ്.
കൃഷ്ണകുമാറിന് കച്ചവടത്തിലാണ് താൽപര്യം.കോടികളുടെ കണക്ക് പറയുന്നതിലാണ് താൽപര്യം.കൃഷ്ണകുമാർ ബിജെപിയിൽ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണം.ആരെങ്കിലും പറയുമ്പോൾ തുറക്കാനുള്ളതല്ല അക്കൗണ്ട് ഡീറ്റെയിൽസ്.കേന്ദ്ര ഏജൻസിയല്ല ലോക ഏജൻസി തന്നെ അന്വേഷിക്കട്ടെയെന്നും ഒരു പേടിയുമില്ലെന്നും സുരേഷ്ബാബു പറഞ്ഞു. തെളിവുണ്ടെങ്കിൽ ബിജെപി പുറത്തുവിടട്ടെയെന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു.

കള്ളക്കടത്തുകാരുടെ പണമൊന്നും ഡിസിസി സ്വീകരിച്ചിട്ടില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് തങ്കപ്പൻ പറഞ്ഞു.അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച കൃഷ്ണകുമാറിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. ഒരു രൂപ പാർട്ടി വാങ്ങിയെന്ന് തെളിയിച്ചാൽ താൻ പൊതു ജീവിതം അവസാനിപ്പിക്കും.അല്ലെങ്കിൽ കൃഷ്ണകുമാർ പൊതു ജീവിതം അവസാനിപ്പിക്കാൻ തയ്യാറാകണം. കൃഷ്ണകുമാറിൻ്റേത് കാടടച്ച് വെടിവെക്കുന്ന ആരോപണമാണ്.പ്രസിഡൻ്റിൻ്റെ പേരിൽ ഒരൊറ്റ അക്കൗണ്ടേയുള്ളൂവെന്നും പാർട്ടിയുടെ അക്കൗണ്ട് സുതാര്യമാണെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *