വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ അറസ്റ്റ് ചെയ്‌ത് പൊലീസ്: പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പ്രതിയെ ഇന്നുതന്നെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

കടം നൽകിയവർ അഫാന്റെ വീട്ടിലെത്തി പ്രശ്‌‌നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും പ്രതിയുടെ മൊഴി രേഖപ്പെടുക്കാനും അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. അഫാന്റെ ഫോണിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലവും പൊലീസ് കാത്തിരിക്കുകയാണ്.

അതേസമയം, അഫാന്റെ മാതാവിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കും. ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സംസാരിക്കാൻ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലെങ്കിൽ ഉച്ചയോടെ ഷെമിയുടെ മൊഴി രേഖപ്പെടുത്തും.

കൂട്ടക്കൊലയ്‌ക്ക് കാരണം സാമ്പത്തിക പ്രശ്‌നങ്ങളാണ് എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. അഫാന്റെ മാതാവിന് മാത്രം 60 ലക്ഷത്തിലേറെ രൂപയുടെ ബാദ്ധ്യതയുണ്ടെന്ന് പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കടക്കെണിയിലും അഫാന്റെ കുടുംബം ആഡംബര ജീവിതം നയിച്ചുവെന്നും പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *