പ്ലാസ്റ്റിക്ക് പാത്രത്തില്‍ തന്നെയാണോ ഭക്ഷണം സൂക്ഷിക്കുന്നത്?; അതിന്റെ അപകട വശങ്ങളെ കുറിച്ച് അറിയാം

ഇന്നും പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തന്നെ വീട്ടില്‍ കൂടുതലായും ഉപയോഗിക്കുന്ന ചിലര്‍ ഉണ്ട്. ഇപ്പോഴും അതിന്റെ അപകട വശങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ഭക്ഷണസാധനങ്ങള്‍ കഴിച്ചാല്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയപഠനങ്ങള്‍ പറയുന്നുണ്ട്. കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളൊക്കെ പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്.

ഭക്ഷണം ഓര്‍ഡര്‍ ചെയ്താലോ അതും ഇട്ടുവരുന്നത് പ്ലാസ്റ്റിക് കവറുകളില്‍ തന്നെ. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കരുതെന്നും ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള റിപോര്‍ട്ടുകള്‍ നിരന്തരമായി വന്നിട്ടും ഇതില്‍ കഴിക്കുന്നതിന് യാതൊരു മാറ്റവുമില്ല. ഇത് സാധാരണയായി മാറിയിരിക്കുന്നു.

ഇങ്ങനെ പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ കുടല്‍ ബയോമിലെ മാറ്റങ്ങള്‍ കാരണം വീക്കം, രക്തചംക്രമണവ്യൂഹത്തിന്റെ തകര്‍ച്ച എന്നിവ മൂലം ഹൃദയസ്തംഭനം ഉണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സയന്‍സ് ഡയറക്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്.

എലികളില്‍ പരീക്ഷണം നടത്തിയും 3000 ത്തിലധികം ചൈനക്കാരുടെ ഡാറ്റ പരിശോധിച്ചും ഗവേഷകര്‍ പ്ലാസ്റ്റിക് ഭക്ഷണപാത്രങ്ങളും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം മനസിലാക്കി. മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തില്‍ അലിഞ്ഞു ചേര്‍ന്ന് കുടലില്‍ പ്രവേശിക്കുകയും ഗട്ട് ലൈനിങിന് കേടുപാടുകള്‍ വരുത്തുമെന്നും ഗവേഷകര്‍ പറയുന്നു.

ചൈനക്കാരില്‍ പ്ലാസ്റ്റിക് കണ്ടെയ്നര്‍ ഉപയോഗവും ഹൃദ്രോഗനിലയും പരിശോധിക്കണമെന്ന് പഠനത്തില്‍ ഉള്‍പ്പെടുത്തി. മാത്രമല്ല, വെള്ളം തിളപ്പിച്ച് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഒഴിച്ച് ആ വെള്ളം എലികളെ കുടിപ്പിക്കുകയും ചെയ്തു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം ഇടുകയോ അല്ലെങ്കില്‍ ചൂടാക്കുകയോ ചെയ്യരുത്. പ്ലാസ്റ്റിക് അമിതമായി ഉപയോഗിച്ചാല്‍ ഹൃദയസ്തംഭനത്തിനു സാധ്യത കൂടുമെന്നാണ് പറയുന്നത്. പ്ലാസ്റ്റിക്കിനു പകരം ഗ്ലാസ് അല്ലെങ്കില്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളോ ഉപയോഗിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *