യുപിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞു; ഉത്തർപ്രദേശിലെ ക്രമസമാധാനം രാജ്യത്തിനും ലോകത്തിനും മാതൃകയെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തിനും ലോകത്തിനും മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് പ്രതിപക്ഷ വിമർശനത്തിന് യോഗി ആദിത്യനാഥ് മറുപടി പറഞ്ഞത്.

പ്രതിപക്ഷ നേതാവ് ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടതിനെ കുറിച്ച് ആളുകൾ എങ്ങനെയാണ് മനസിലാക്കിയിരിക്കുന്നതെന്ന് നിരീക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

“നല്ല ഭരണത്തിന്റെ അടിസ്ഥാനമാണ് നിയമവാഴ്ച. ക്രമസമാധാന രംഗത്തെ പരിഷ്കരണങ്ങളെ എതിർക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. നിരന്തര നിരീക്ഷണത്തിലൂടെയും സാങ്കേതിക മികവിലൂടെയും സുതാര്യത, ആധുനികവത്കരണം, പരിഷ്കരണം എന്നിവയിലൂടെയും ഉത്തർപ്രദേശിലെ ക്രമസമാധാനം ഇപ്പോൾ രാജ്യത്തിന് തന്നെ മാതൃകയായി മാറിയെന്നായിരുന്നു” യോഗി ആദിത്യനാഥിന്റെ വാക്കുകൾ.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം യുപിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊള്ളകളുടെ എണ്ണത്തിൽ 84.41 ശതമാനത്തിന്റെയും മോഷണത്തിന്റെ എണ്ണത്തിൽ 77.43 ശതമാനത്തിന്റെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ 41.01 ശതമാനത്തിന്റെയും കുറവുണ്ടായി. കലാപങ്ങൾ 66.04 ശതമാനം കുറഞ്ഞു. മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കുറവുണ്ടായെന്ന് യോഗി പറഞ്ഞു.

കുംഭമേളയിലെ ഫലപ്രദമായ ക്രമസമാധാന പാലനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരുടെ പ്രശംസ പിടിച്ചുപറ്റിയെന്നും പൊലീസുകാരുടെയും ശുചീകരണ തൊഴിലാളികളുടെയും പരിശ്രമം പ്രധാനമന്ത്രി പോലും അംഗീകരിച്ചുവെന്നും യോഗി പറഞ്ഞു. യുപിയിലെ ഏഴ് പ്രധാന ജില്ലകളിൽ കമ്മീഷണറേറ്റ് രൂപീകരിച്ചു.

1970 മുതൽ ചർച്ചകൾ നടന്നുവന്നിരുന്നെങ്കിലും ഇതുവരെ നടപ്പിലാകാത്ത കാര്യമായിരുന്നു ഇത്. മൂന്നിടങ്ങളിൽ തീവ്രവാര വിരുദ്ധ സ്ക്വാഡിന്റെ ഫീൽഡ് യൂണിറ്റുകൾ തുടങ്ങി. 2017ന് ശേഷം 1,56,000 പൊലീസുകാരെ പുതിയതായി എടുത്തുവെന്നും ഇതിന് പുറമെ 60,200 പേർ പരിശീലനത്തിലാണെന്നും യോഗി പറഞ്ഞു. ഉടൻ തന്നെ 30,000 പേർക്ക് കൂടി നിയമനം നൽകും. സൈബർ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളും യോഗി വിശദീകരിച്ചു. 

2017ന് ശേഷം 130 തീവ്രവാദികളെയും 171 റോഹിങ്ക്യൻ വിഭാഗക്കാരെയും പിടികൂടിയിട്ടുണ്ടെന്നും യോഗി പറഞ്ഞു. 2023 ജൂലൈ മുതൽ 2024 അവസാനം വരെ നടന്ന പ്രത്യേക പരിശ്രമങ്ങളിലൂടെ 51 കുറ്റവാളികൾക്ക് വധശിക്ഷയും 6287 പേർക്ക് ജീവപര്യന്തം തടവും ഉറപ്പാക്കാനായി. ആയിരക്കണക്കിന് പേർക്ക് ദീർഘകാലയളവുകളിലേക്കുള്ള മറ്റ് ശിക്ഷകളും ലഭിച്ചു. 2019 നവംബറിന് ശേഷം നടത്തിയ പരിശ്രമങ്ങളിലൂടെ 31 മാഫിയ തലവന്മാരും 74 സംഘടിത കുറ്റവാളികലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതായും യോഗി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *